അസ്മിയയുടെ മരണം: മതപഠനശാലയ്ക്ക് ഹോസ്റ്റൽ നടത്തിപ്പിന് അനുമതിയില്ല

തിരുവനന്തപുരം: പെൺകുട്ടിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ബാലരാമപുരത്തെ മതപഠന ശാലയ്ക്ക് ഹോസ്റ്റൽ നടത്തിപ്പിന് അനുമതിയില്ല. ഹോസ്റ്റലിന്റെ അനുമതിക്കായുള്ള അപേക്ഷ പഞ്ചായത്തിന്റെ പരിഗണനയിലാണെന്ന് സ്ഥാപന അധികൃതർ തന്നെ സമ്മതിച്ച കാര്യമാണ്. 35 പെൺകുട്ടികളാണ് ഈ ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്നത്.

പെൺകുട്ടിയുടെ മരണം അന്വേഷിക്കാനായി പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുകയാണ്. നെയ്യാറ്റിൻകര എസ്പിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. അതേസമയം ദുരുഹ സാഹചര്യത്തിൽ മരണപ്പെട്ട അസ്മിയയെ ശാരീരികമായോ മാനസികമായോ ഉപദ്രവിച്ചിട്ടില്ല എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. മതപരമായ ഉപദേശങ്ങൾ നൽകിയിരുന്നുവെന്നും കോളേജ് അധികൃതർ അറിയിച്ചു. ശനിയാഴ്ചയാണ് അസ്മിയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ബാലരാമപുരത്തെ അൽഅമൻ എഡ്യൂക്കേഷണൽ കോംപ്ലക്സ് എന്ന മതപഠന സ്ഥാപനത്തിലെ ലൈബ്രറി മുറിയിലാണ് അസ്മിയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അസ്മിയ ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ട ഫലത്തിലെ നിഗമനം.

എന്നാൽ അസ്മിയ ആത്മഹത്യ ചെയ്തതല്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. വിഷയത്തിൽ ശക്തമായ അന്വേഷണം വേണമെന്നും ഇവർ ആവശ്യപ്പെടുന്നു. അസ്മിയയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്ന ആരോപണവും ബന്ധുക്കൾ ഉന്നയിക്കുന്നു. സ്ഥാപനത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. അസ്മിയയുടെ കൂടെയുണ്ടായിരുന്ന പെൺകുട്ടികളിൽ നിന്നും വിവരം ശേഖരിക്കാനും അന്വേഷണസംഘം തീരുമാനിച്ചു.