മുഖ്യമന്ത്രിപദം വീതംവെക്കാന്‍ തയ്യാറല്ല: ഡി.കെ ശിവകുമാര്‍

ന്യൂഡല്‍ഹി: കര്‍ണാടക മുഖ്യമന്ത്രിപദം രണ്ടര വര്‍ഷം വീതമെന്ന വീതംവയ്പ്പിന് തയാറല്ലെന്ന നിലപാടുമായി ഡി.കെ. ശിവകുമാര്‍. ഉപമുഖ്യമന്ത്രി പദവും സ്വീകരിക്കില്ലെന്ന് അദ്ദേഹം നേതൃത്വത്തെ അറിയിച്ചു. എന്നാല്‍, മുഖ്യമന്ത്രി പദം പങ്കിടണമെന്ന നിലപാടാണ് ഹൈക്കമാന്‍ഡ് സ്വീകരിച്ചിരിക്കുന്നത്. രണ്ടു വര്‍ഷം സിദ്ധരാമയ്യയ്ക്കും മൂന്നുവര്‍ഷം ശിവകുമാറിനും എന്ന ഫോര്‍മുലയാണ് ഇപ്പോള്‍ മുന്നോട്ടുവച്ചിരിക്കുന്നത്.

അതേസമയം, മുന്‍ മുഖ്യമന്ത്രി സിദ്ധാരാമയ്യയ്ക്ക് ഭൂരിഭാഗം എംഎല്‍എമാരുടെയും പിന്തുണ ഉണ്ടെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തിന്‍മേലുള്ള അവകാശവാദത്തില്‍നിന്നു പിന്മാറാന്‍ ഡി.കെ.ശിവകുമാര്‍ തയാറാകാത്തതാണു പ്രതിസന്ധി സൃഷ്ടിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ ഡല്‍ഹിയിലെ വസതിയില്‍ ഇന്നലെ നടന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലും അന്തിമതീരുമാനത്തിലേക്ക് എത്താന്‍ ഹൈക്കമാന്‍ഡിനു കഴിഞ്ഞിരുന്നില്ല.

അതിനിടെ, സംസ്ഥാന നേതാക്കളുമായി ചര്‍ച്ച പൂര്‍ത്തിയാക്കിയ പശ്ചാത്തലത്തില്‍ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരുമായി കൂടിയാലോചിച്ച് മല്ലികാര്‍ജുന്‍ ഖര്‍ഗെ ഇന്നുതന്നെ അന്തിമതീരുമാനം എടുക്കും എന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഹൈക്കമാന്‍ഡ് തീരുമാനം എടുത്താല്‍ ബംഗളൂരുവില്‍ നിയമസഭാകക്ഷിയോഗം ചേര്‍ന്ന് ഔദ്യോഗികമായായി പ്രഖ്യാപിക്കും. ഇരുനേതാക്കളെയും ഒപ്പംനിര്‍ത്തി ഐക്യം ഉറപ്പിച്ചശേഷമാകും ഖര്‍ഗെ മുഖ്യമന്ത്രിയാരെന്ന പ്രസ്താവന നടത്തുക. ഉപമുഖ്യമന്ത്രിമാരെയും ഇന്നു പ്രഖ്യാപിക്കുമെന്നാണ് വിവരം.