അമേരിക്കൻ പര്യടനം നടത്താൻ ഒരുങ്ങി രാഹുൽ ഗാന്ധി: വിവിധ പരിപാടികളിൽ പങ്കെടുക്കും

ന്യൂഡൽഹി: അമേരിക്കൻ പര്യടനം നടത്താൻ ഒരുങ്ങി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 10 ദിവസമാണ് രാഹുൽഗാന്ധി അമേരിക്കൻ പര്യടനം നടത്തുകയെന്നാണ് റിപ്പോർട്ട്. മെയ് 31 മുതൽ ആയിരിക്കും രാഹുൽ ഗാന്ധിയുടെ അമേരിക്കൻ സന്ദർശനം ആരംഭിക്കുക.

അമേരിക്കയിൽ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിൽ രാഹുൽ പങ്കെടുക്കും എന്നാണ് വിവരം. ന്യൂയോർക്കിലെ മാഡിസൺ സ്ക്വയറിൽ നടത്തുന്ന റാലിയിൽ രാഹുൽ ഗാന്ധി സംസാരിക്കും. ഈ റാലിയിൽ 5000 വിദേശ ഇന്ത്യക്കാർ പങ്കെടുക്കും എന്നാണ് സൂചന. ജൂൺ നാലിലാണ് റാലി നടക്കുക.

അമേരിക്കയിലെ രാഷ്ട്രീയ നേതാക്കളുമായും വ്യവസായികളുമായും രാഹുൽ കൂടിക്കാഴ്ച നടത്തും. ഇതിന് പുറമെ സ്റ്റാൻഫോർഡ് സർവകലാശാലയിലെ ചടങ്ങിൽ രാഹുൽ പ്രസംഗിക്കുകയും ചെയ്യും. കാലിഫോർണിയിലും വാഷിംഗ്ടണിലും സംഘടിപ്പിക്കുന്ന ചടങ്ങിലും അദ്ദേഹം പങ്കെടുക്കുന്നതാണ്.

അതേസമയം അടുത്തമാസം പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കയിൽ സന്ദർശനം നടത്തും. ജൂൺ 22 മുതലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനം ആരംഭിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി മോദി കൂടിക്കാഴ്ച നടത്തുകയും ചെയ്യും.