ന്യൂഡല്‍ഹി: കര്‍ണാടക മുഖ്യമന്ത്രി ആരാകുമെന്നതില്‍ അനിശ്ചിത്വം തുടരവെ ഡി.കെ ശിവകുമാര്‍ ഡല്‍ഹിയിലെത്തി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, രാഹുല്‍ ഗാന്ധി, സംഘടനകാര്യ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തില്‍ സമവായ ചര്‍ച്ചകള്‍ക്ക് ശേഷം സിദ്ധരാമയ്യ, ഡി.കെ ശിവകുമാര്‍ എന്നിവരുമായി മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രത്യേകം ചര്‍ച്ച നടത്തും.
അതേസമയം, മുഖ്യമന്ത്രി ചര്‍ച്ചയില്‍ പ്രതിസന്ധിയില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ. സി വേണുഗോപാല്‍ അറിയിച്ചു. പാര്‍ട്ടി അമ്മയാണെന്നാണ് ഡി.കെ ശിവകുമാര്‍ പറഞ്ഞത്. അങ്ങനെയുള്ളയാള്‍ എങ്ങനെ വെല്ലുവിളി ഉയര്‍ത്തി? മുഖ്യമന്ത്രിയെ കണ്ടെത്താന്‍ കാലതാമസം നേരിടുന്നു എന്നത് മാധ്യമ സൃഷ്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ ഇന്നലെ ഡല്‍ഹിയിലെത്തിയ സിദ്ധരാമയ്യ മുതിര്‍ന്ന നേതാക്കളുമായുള്ള കൂടിക്കാഴ്ചകള്‍ പൂര്‍ത്തിയാക്കി. ഇരുപക്ഷവും വിട്ടുവീഴ്ചകള്ക്കില്ലെന്നാണ് പുറത്തുവരുന്ന സൂചനകള്‍.
കര്‍ണാടകയില്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞ നടത്താനായിരുന്നു നേരത്തെയുള്ള തീരുമാനം. എന്നാല്‍, ഈ മാസം പതിനെട്ടിന് ശേഷം നടക്കുമെന്നാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ ഞായറാഴ്ച രാത്രി ബംഗളൂരുവില്‍ ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ വിളിച്ച എംഎല്‍എമാരുടെ യോഗത്തില്‍ സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും പദവിക്കായി അണിയറനീക്കം ശക്തമാക്കിയിരുന്നു. ഇതിന് ശേഷമാണ് മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ശ്രമങ്ങള്‍ ഡല്‍ഹിയിലേക്ക് മാറ്റിയത്. എഐസിസി നിയോഗിച്ച നിരീക്ഷകര്‍ ഇന്നലെ ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയ്ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം ഭൂരിപക്ഷം എംഎല്‍എമാരുടെ പിന്തുണ സിദ്ധരാമയ്യക്കാണ്. എങ്കിലും സമവായത്തിലൂടെ മാത്രമേ തീരുമാനം പ്രഖ്യാപിക്കൂ എന്നാണ് കര്‍ണാടകയുടെ ചുമതലയുള്ള ഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ജ്ജെവാല വ്യക്തമാക്കിയിരിക്കുന്നത്.

