ഡോക്ടർ വന്ദനയുടെ കൊലപാതകം; പോലീസിന് വീഴ്ച സംഭവിച്ചുവെന്ന് ആരോഗ്യവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്

തിരുവനന്തപുരം: ഡോക്ടർ വന്ദനയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസിനെതിരെ ആരോഗ്യവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. കൊലപാതകം തടയുന്നതിൽ പോലീസിന് വീഴ്ച സംഭവിച്ചുവെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാർ കൃത്യസമയത്ത് ഇടപെട്ടിട്ടില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

വന്ദന മെഡിക്കൽ ഓഫീസറെ കാര്യങ്ങൾ ധരിപ്പിക്കാൻ പോയ സമയത്താണ് അക്രമം നടന്നത്. ആശുപത്രിയിൽ അക്രമം ഉണ്ടായപ്പോൾ പോലീസ് പുറത്തേക്കോടി. വാതിൽ പുറത്തു നിന്ന് അടച്ചതിനാൽ സന്ദീപ് അത്യാഹിത വിഭാഗത്തിൽ അക്രമം തുടർന്നു. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരും കാര്യക്ഷമമായി ഇടപെട്ടില്ലെന്ന് റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്.

അതേസമയം, ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കിയുള്ള ഓർഡിനൻസിന് നിയമവകുപ്പ് അംഗീകാരം നൽകി. ആരോഗ്യവകുപ്പ് സെക്രട്ടറിയും ഡയറക്ടറും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും ചർച്ച ചെയ്ത ശേഷമാണ് ഓർഡിനൻസ് വ്യവസ്ഥകൾ നിയമ സെക്രട്ടറി പരിശോധിച്ചത്. ഓർഡിനൻസ് മന്ത്രിസഭ അംഗീകരിച്ചാൽ ഡോക്ടർമാർക്ക് നേരെയുള്ള ആക്രമണം ജാമ്യമില്ലാ കുറ്റമാകും.