എക്സൈസ് ഉദ്യോഗസ്ഥനെ തോക്കുചൂണ്ടിയശേഷം വെട്ടിപ്പരിക്കേൽപ്പിച്ചു; മയക്കുമരുന്ന് ഇടപാട് കേസിലെ പ്രതി ചിഞ്ചു മാത്യു പിടിയിൽ

കൊച്ചി: എക്സൈസ് ഉദ്യോഗസ്ഥനെ തോക്കുചൂണ്ടിയശേഷം വെട്ടിപ്പരിക്കേൽപ്പിച്ച പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി പോലീസ്. തലശേരി കൊലയാട് കൊച്ചുപറമ്പിൽവീട്ടിൽ ചിഞ്ചു മാത്യുവാണ് എക്‌സൈസ് ഉദ്യോഗസ്ഥനെ വെട്ടിപ്പരിക്കേൽപ്പിച്ചത്. ചിഞ്ചുവിന്റെ മയക്കുമരുന്ന് ഇടപാടിലെ പങ്കാളിയായ സീനയും അറസ്റ്റിലായി. പ്രതിക്ക് ഒളിവിൽ കഴിയാനുള്ള സൗകര്യവും ചെയ്തു നൽകിയത് സീനയാണ്. ചിഞ്ചു താമസിച്ച ഫ്‌ളാറ്റിൽ നിന്ന് എൽഎസ്ഡി സ്റ്റാമ്പുകൾ മാറ്റാൻ എത്തിയപ്പോഴാണ് ഇവർ അറസ്റ്റിലായത്.

കാലിഫോർണിയ 9 വിഭാഗത്തിൽപ്പെട്ട 100 എൽഎസ്ഡി സ്റ്റാമ്പുകളും ഇതിന് വീര്യം കൂട്ടുന്നതിനായി ഉപയോഗിക്കുന്ന ലൈസർജിക്ക് ആസിഡ് അടങ്ങിയ അതിമാരകമായ ആംപ്യൂളുകളും 100 ഗ്രാം യെല്ലോമെത്തും ഇവിടെ നിന്നും പിടിച്ചെടുത്തുന്നുവെന്ന് അധികൃതർ അറിയിച്ചു.

കാലിഫോർണിയ 9 വിഭാഗത്തിൽപ്പെട്ട എൽ.എസ്.ഡി സ്റ്റാമ്പ് ഇത്രയധികം പിടികൂടുന്നത് സംസ്ഥാനത്ത് ആദ്യമായാണ്. ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു എക്സൈസ് ഉദ്യോഗസ്ഥനെ വെട്ടിപ്പരിക്കേൽപ്പിച്ച് ചിഞ്ചു കടന്നുകളഞ്ഞത്. രഹസ്യവിവരത്തെത്തുടർന്ന് കാക്കനാട്ടെ ഫ്‌ളാറ്റിൽ പരിശോധിക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം നടന്നത്. സംഭവത്തിന് പിന്നാലെ ചിഞ്ചു ഒളിവിൽ പോയി. പിന്നീട് നടത്തിയ അന്വേഷണത്തിലൊടുവിലാണ് ചിഞ്ചു പിടിയിലായത്.