ഹരിത ട്രിബ്യൂണലിനെതിരെ ക്വാറി ഉടമയുടെ ഹർജി; നോട്ടീസ് അയച്ച് സുപ്രീം കോടതി

ന്യൂഡൽഹി: ദേശീയ ഹരിത ട്രിബ്യൂണൽ തിരുവനന്തപുരത്തെ ക്വാറിക്ക് വിധിച്ച 41.46 കോടി രൂപയുടെ പിഴക്കെതിരായ ഹർജിയിൽ നോട്ടീസ് അയച്ച് സുപ്രീം കോടതി. അനധികൃത ഖനനം നടത്തിയതിന് ദേശീയ ഹരിത ട്രൈബ്യൂണൽ ക്വാറിക്ക് വിധിച്ച പിഴക്കെതിരായ ഹർജിയിലാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്.

ജസ്റ്റിസുമാരായ കെ എം ജോസഫ്, ബി വി നാഗരത്‌ന എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. എന്നാൽ, ട്രിബ്യൂണൽ ഉത്തരവ് സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചു. തിരുവനന്തപുരം ജില്ലയിലെ വെമ്പായം, മാണിക്കൽ ഗ്രാമ പഞ്ചായത്തുകളിലായി സ്ഥിതി ചെയ്യുന്ന കോവാനന്റ് സ്റ്റോൺ പ്രൈവറ്റ് എന്ന കമ്പനിക്കാണ് ദേശീയ ഹരിത ട്രിബ്യൂണൽ പിഴ വിധിച്ചത്. 41.46 കോടി രൂപയായിരുന്നു പിഴ. അനുവദിച്ചതിനെക്കാളും കൂടുതൽ ഖനനം നടത്തിയത് ഉൾപ്പടെയുള്ള ചട്ട ലംഘനങ്ങൾ നടത്തിയതിനായിരുന്നു പഴ നൽകിയത്. ഈ പിഴ ചോദ്യം ചെയ്ത് നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ നടപടി.

സീനിയർ അഭിഭാഷകൻ ദാമ ശേഷാദ്രി നായിഡു, അഭിഭാഷകരായ ശ്രീറാം പറക്കാട്, എം എസ് വിഷ്ണുശങ്കർ തുടങ്ങിയവരാണ് ക്വാറി ഉടമയ്ക്ക് വേണ്ടി ഹാജരായത്. അധിക ഖനനം നടത്തിയാൽ പോലും കേരളത്തിലെ ചട്ടങ്ങൾ പ്രകാരം റോയൽറ്റി അടച്ചാൽ മതിയെന്ന് അഭിഭാഷകർ കോടതിയെ അറിയിച്ചു. ട്രിബ്യൂണൽ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് അഭിഭാഷകർ ആവശ്യപ്പെട്ടുവെങ്കിലും പരിസ്ഥിതി പ്രാധാന്യമുള്ള വിഷയങ്ങളിൽ സ്റ്റേ അനുവദിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി വിശദീകരിച്ചു.