ബ്രിട്ടനില്‍ ഇനി ഡ്രൈവറില്ലാത്ത ബസുകളും

ലണ്ടന്‍: ബ്രിട്ടനില്‍ ഇനി ഡ്രൈവറില്ലാത്ത ബസുകള്‍. പ്രൈവറ്റ് ബസ് ഓപ്പറേറ്റിംങ് കമ്പനിയായ സ്റ്റേജ് കോച്ചാണ് സ്‌കോട്ട്‌ലന്‍ഡിലെ എഡിന്‍ബോറോയ ഫുള്‍സൈസ് ബസുകള്‍ ഡ്രൈവറില്ലാതെ സര്‍വീസ് ആരംഭിച്ചിരിക്കുന്നത്.

എഡിന്‍ബറോയിലെ ഫെറിടോള്‍ പാര്‍ക്കില്‍നിന്നും പാര്‍ക്ക് സ്റ്റേഷന്‍ വരെയാണ് ബസ് സര്‍വീസ്. ഡ്രൈവറില്ലെങ്കിലും സര്‍വീസ് നിയന്ത്രിക്കാന്‍ രണ്ടു ജീവനക്കാര്‍ ബസിനുള്ളിലുണ്ട്. പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പരീക്ഷണ ഓട്ടം നിരീക്ഷിക്കുകയാണ് ഒരാളുടെ ജോലി. ഇയാള്‍ ഡ്രൈവറുടെ സീറ്റിലിരുന്നാണ് ഇതു ചെയ്യുന്നത്. യാത്രക്കാരെ സഹായിക്കാനും ടിക്കറ്റ് നല്‍കാനുമായി ബസ് ക്യാപ്റ്റനുമുണ്ട്.

അതേസമയം, അഞ്ച് ഒറ്റനില ബസുകളാണ് ആദ്യഘട്ടത്തില്‍ സര്‍വീസിന് ഇറക്കിയിട്ടുള്ളത്. ആഴ്ചതോറും 10,000 പേര്‍ ഈ ബസുകളില്‍ യാത്രചെയ്യുമെന്നാണ് സ്റ്റേജ് കോച്ചിന്റെ പ്രതീക്ഷ. 14 മൈല്‍ ദൂരമുള്ള റൂട്ടിലൂടെ സെന്‍സറുകളുടെ സഹായത്തോടെയാണ് മണിക്കൂറില്‍ 50 മൈല്‍ വരെ സ്പീഡിലുള്ള ഈ ബസുകളുടെ ഓട്ടം. റൗണ്ട് എബൗട്ടുകള്‍, ട്രാഫിക് ലൈറ്റുകള്‍, മോട്ടോര്‍വേകളിലെ ലൈന്‍ മാറ്റം എന്നിവയെല്ലാം ഡ്രൈവറില്ലാതെ സാധ്യമാകുന്ന സാങ്കേതിക വിദ്യയാണ് ബസില്‍ ഉപയോഗിച്ചിരിക്കുന്നത്.