പലരും സിനിമാ രംഗത്തേക്കു കടന്നു വരുന്നത് കള്ളപ്പണം ചെലവഴിക്കാൻ; വിമർശനവുമായി ജി സുധാകരൻ

ആലപ്പുഴ: മലയാള സിനിമാ മേഖലയെ കുറിച്ച് വിമർശനം ഉന്നയിച്ച് മുൻ മന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരൻ. മലയാളത്തിൽ ഇപ്പോൾ നല്ല സിനിമകൾ കുറവാണെന്ന് അദ്ദേഹം പറഞ്ഞു. കള്ളപ്പണം ചെലവഴിക്കാനാണ് പലരും സിനിമാ രംഗത്തേക്കു കടന്നു വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ജോൺ ഏബ്രഹാം സ്മാരക സമിതിയുടെ ജോൺ ഏബ്രഹാം അനുസ്മരണവും കവിയരങ്ങും ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

സിനിമാ മേഖലയിൽ വരുന്ന കോടാനുകോടി രൂപയുടെ ഉറവിടം ആർക്കുമറിയില്ല. നടീനടന്മാർ പലരും കോടീശ്വരന്മാരാകുന്നു. മയക്കുമരുന്നിന് അടിമകളുമാണ് പലരും. നമ്മുടെ സിനിമകളിൽ കൂടുതലും കാണുന്നത് ആസുരീയ ശക്തികൾ ജയിച്ച് കൊടിപാറിക്കുന്നതാണ്. വിഭ്രാന്തമായ മായികലോകത്തേക്കാണ് അവ ജനങ്ങളെ കൊണ്ടുപോകുന്നതെന്നും ജനഹൃദയങ്ങളിൽ നിറഞ്ഞുനിൽക്കാൻ കഴിയുന്ന ചെലവു കുറഞ്ഞതും കഥയുള്ളതുമായ സിനിമകളുണ്ടാകണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

എന്തുകൊണ്ടാണ് ജോൺ എബ്രഹാമിന്റെ സ്‌കൂളിലേക്കു നമ്മുടെ യുവ സംവിധായകരുൾപ്പെടെ ആകർഷിക്കപ്പെടാത്തത്. ജനകീയ വിഷയങ്ങൾ ലളിതമായി അവതരിപ്പിക്കാൻ അവർ മുന്നോട്ടു വരാത്തതിന്റെ കാരണമെന്താണെന്നു ചിന്തിക്കണം. സമൂഹത്തിനു വേണ്ടി സിനിമകളുണ്ടാക്കിയ ജോൺ എബ്രഹാമിന്റെ സിനിമകൾ സാമൂഹിക പ്രതിബദ്ധതയും കലാത്മകതയുമുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.