കേരളം കണ്ട വലിയ അഴിമതിയാണ് എഐ ക്യാമറ പദ്ധതി; എസ്ആർഐടി അയച്ച നോട്ടീസിനെ നിയമപരമായി നേരിടുമെന്ന് ചെന്നിത്തല

തിരുവനന്തപുരം: കേരളം കണ്ട വലിയ അഴിമതിയാണ് എഐ ക്യാമറ പദ്ധതിയെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊതുയോഗങ്ങളിൽ മുഖ്യമന്ത്രി സംസാരിച്ചത് കേട്ടപ്പോൾ കരാറുകരുടെയും ഉപകരാറുകാരുടെയും കമ്മീഷൻ ഏജന്റ് ആണെന്ന് തോന്നിയെന്ന് അദ്ദേഹം വിമർശിച്ചു. ആരോപണം ഉന്നയിച്ച നാൾ മുതൽ ഇന്നുവരെ മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അഴിമതി ആരോപണം ഉയർന്നാൽ മുഖ്യമന്ത്രി പ്രതികരിക്കേണ്ടതാണ്. സിപിഎം സംസ്ഥാന സെക്രട്ടറി അല്ല വിഷയത്തിൽ മറുപടി പറയേണ്ടത്. ആ മറുപടികൊണ്ട് കാര്യമില്ല. മുഖ്യമന്ത്രിയുടെ മടിയിൽ കനമുള്ളതുകൊണ്ടാണ് അദ്ദേഹം മാദ്ധ്യമങ്ങളെ കാണാതിരുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

എഐ ക്യാമറ അഴിമതി ആരോപണത്തിൽ SRIT അയച്ച വക്കീൽ നോട്ടീസിനെ നിയമപരമായി നേരിടും. പ്രതിപക്ഷ നേതാവ് വി ഡി സതീശനും താനും രേഖകൾ ഉയർത്തിയാണ് ആരോപണം ഉന്നയിച്ചത്. ഈ വിവരങ്ങൾ പുറത്തുവിട്ടത് കരാർ കിട്ടാത്ത കമ്പനി അല്ല. അഴിമതി ആണെന്ന് ബോധ്യപ്പെട്ടത് കൊണ്ടാണ് അൽ ഹിന്ദും ലൈറ്റ് മാസ്റ്ററും കരാറിൽ നിന്നും പിന്മാറിയതെന്ന് അദ്ദേഹം വ്യക്തമാക്കി.

ടെൻഡർ നടപടി ശരിയായ രീതിയിൽ അല്ല. കെൽട്രോൺ എസ്ആർഐടിക്ക് കരാർ നൽകിയത് മുൻകൂട്ടിയുള്ള ആസൂത്രത്തോടെയാണ്. നൂറുകോടിയിൽ താഴെ ചിലവ് വരുന്ന പദ്ധതിയാണ് 232 കോടി രൂപയ്ക്ക് കരാർ നൽകിയത്. വ്യവസായ സെക്രട്ടറിക്ക് അന്വേഷണ ചുമതല നൽകിയിട്ടും റിപ്പോർട്ട് പുറത്തുവന്നില്ല. ഇതിലെല്ലാം കള്ളക്കളികൾ ഉള്ളതിനാലാണ് റിപ്പോർട്ട് പുറത്തുവിടാത്തത്. കെൽട്രോണിനെ വെള്ളപൂശി ഒരു സെക്രട്ടറിക്കും റിപ്പോർട്ട് തയ്യാറാക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ അഴിമതിയെ ന്യായീകരിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എഐ ക്യാമറാ അഴിമതിക്കെതിരായ പോരാട്ടവുമായി മുന്നോട്ട് പോകും. അടിയന്തിരമായി കരാർ റദ്ദാക്കണം. എസ്ആർഐടിയുടെ കള്ളക്കളി താൻ പുറത്തു കൊണ്ടുവരുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.