ചെന്നൈയിൽ ചൂട് കനക്കുന്നു; താപനില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ

ചെന്നൈ: ചെന്നൈയിൽ ചൂട് കനക്കുന്നു. നഗരത്തിൽ താപനില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കുന്നത്. വേനൽക്കാലത്ത് ചെന്നൈ നഗരത്തിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന സമയമാണ് കത്തിരി വെയിൽകാലം. അഗ്നി നക്ഷത്രം എന്ന പേരിലും ഇത് അറിയപ്പെടാറുണ്ട്. കഴിഞ്ഞ 5നാണ് കത്തിരി വേനൽക്കാലം ആരംഭിച്ചത്.

ഇനിയുള്ള ദിവസങ്ങളിൽ നഗരത്തിലെ താപനില 41-42 ഡിഗ്രി വരെ ഉയർന്നേക്കുമെന്നാണ് വിവരം. വെയിലിന്റെ കാഠിന്യം വർധിക്കുകയും പകൽ സമയങ്ങളിൽ വലിയ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യുമെന്ന് കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. വേനൽക്കാലത്ത് ജനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ച് ആരോഗ്യ വകുപ്പ് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. നന്നായി വെള്ളം കുടിക്കുക, തൈര്, മോര് എന്നിവ ധാരാളം കഴിക്കുക, വെയിൽ കൊള്ളാതിരിക്കുക തുടങ്ങിയ വിവിധ നിർദ്ദേശങ്ങൾ വേനൽ അവസാനിക്കുന്നത് വരെ പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി.

ഈ മാസം 29 വരെയാണ് കത്തിരിവെയിൽ അനുഭവപ്പെടുക. തുടർന്നുള്ള ദിവസങ്ങളിൽ താപനിലയും അതിനനുസരിച്ച് ചൂടും കുറഞ്ഞു തുടങ്ങും.