സുപ്രധാന നേട്ടവുമായി നാവിക സേനയുടെ മിസൈൽ പ്രതിരോധ പടക്കപ്പൽ ഐഎൻഎസ് മോർമുഗാവ്; ബ്രഹ്മോസ് മിസൈൽ പരീക്ഷണം വിജയകരം

ന്യൂഡൽഹി: മറ്റൊരു നാഴികക്കല്ല് പിന്നിട്ട് ഇന്ത്യൻ നാവിക സേനയുടെ മിസൈൽ പ്രതിരോധ പടക്കപ്പൽ ഐഎൻഎസ് മോർമുഗാവ്. ഐഎൻഎസ് മോർമുഗാവിൽ നിന്ന് ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചു. ഇന്ത്യൻ നാവികസേന ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

നാവികസേനയുടെ ഉപയോഗത്തിലുള്ള ഗൈഡ് മിസൈൽ ഡിസ്‌ട്രോയറായ മോർമുഗാവിൽ നിന്നുള്ള ആദ്യ പരീക്ഷണം തന്നെ വിജയിച്ചത് വലിയ നേട്ടമായാണ് വിലയിരുത്തുന്നത്. ആത്മനിർഭർ ഭാരതിന്റെ ഭാഗമായി രാജ്യത്ത് നിർമിക്കപ്പെട്ട കപ്പലും മിസൈൽ പ്രതിരോധ സംവിധാനത്തിന്റെയും മികവ് വെളിവാക്കുന്ന പരീക്ഷണവും നാവികസേനയുടെ കടൽക്കരുത്ത് കൂടുതൽ ശക്തമാക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.