ബെംഗളൂരു: കർണാടകയിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി ആരെന്ന് നിശ്ചയിക്കാനുള്ള തീരുമാനം കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് വിട്ടു. നിയമസഭാ കക്ഷിയോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
കർണാടകയിൽ വ്യാഴാഴ്ച്ചയായിരിക്കും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയെന്നാണ് റിപ്പോർട്ട്. ഗാന്ധി കുടുംബാംഗങ്ങളും, കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം.
കർണാടക മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രധാനമായും രണ്ടു പേരുകളാണ് ഉയർന്നു കേൾക്കുന്നത്. ഇതിൽ ഒന്ന് സിദ്ധരാമയ്യയും മറ്റൊന്ന് ഡി കെ ശിവകുമാറുമാണ്. അതേസമയം, യോഗം നടന്ന ബംഗളരുവിലെ ഷാംഗ്രിലാ ഹോട്ടലിൽ ഡി കെ ശിവകുമാറിന്റെയും സിദ്ധരാമയ്യയുടെയും അനുയായികൾ മുദ്രാവാക്യം മുഴക്കിയിരുന്നു.
എഐസിസി നിരീക്ഷകരായ സുശീൽ കുമാർ ഷിൻഡെ, ജിതേന്ദ്ര സിങ്, ദീപക് ബാബറിയ എന്നിവർ യോഗം ചേരുന്നതിന് മുൻപ് സിദ്ധരാമയ്യയുമായും ഡി കെ ശിവകുമാറുമായും വെവ്വെറെ കൂടിക്കാഴ്ച നടത്തി. ഇരുനേതാക്കളും മുഖ്യമന്ത്രി സ്ഥാനത്തേക്ക് താൽപര്യം പ്രകടിപ്പിച്ചതായാണ് പുറത്തു വരുന്ന സൂചനകൾ.
കർണാടകയിൽ വലിയ വിജയമാണ് കോൺഗ്രസ് നേടിയത്. സംസ്ഥാനത്ത് 136 സീറ്റുകൾ നേടാൻ കോൺഗ്രസിന് കഴിഞ്ഞു.

