മുഖ്യമന്ത്രിക്കസേര ആര്‍ക്ക്? ഡല്‍ഹിയില്‍ നിര്‍ണായക യോഗം

ന്യൂഡല്‍ഹി: കര്‍ണാടകയിലെ കോണ്‍ഗ്രസ് വിജയത്തിന് ശേഷം മുഖ്യമന്ത്രി പദത്തിന് വേണ്ടിയുള്ള പോരാട്ടത്തിലാണ് സംസ്ഥാന അദ്ധ്യക്ഷന്‍ ഡി.കെ ശിവകുമാറും മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യയും.

കെ.സി വേണുഗോപാലും എ ഐ സി സി നിരീക്ഷകരും ഇന്ന് ഉച്ചയോടെ ഡല്‍ഹിയിലെത്തി കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരടങ്ങുന്ന ദേശീയ നേതൃത്വവുമായി ചര്‍ച്ച നടത്തും. ഇരു നേതാക്കളോടും കാത്തിരിക്കാനും, ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ മാത്രം ഡല്‍ഹിയിലേക്ക് വരണമെന്നുമാണ് നിര്‍ദ്ദേശം.

അതേസമയം, ‘മുഖ്യമന്ത്രിയാരാണെന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡിന്റെ തീരുമാനമാണ് അന്തിമം. ചെയ്യാനുള്ളതെല്ലാം ചെയ്തു. ജനം തിരിച്ചും നല്‍കി’- ശിവകുമാര്‍ പ്രതികരിച്ചു. എന്നാല്‍, രണ്ട് വര്‍ഷം താനും പിന്നീട് ഡി കെ ശിവകുമാറും മുഖ്യമന്ത്രിയാകുമെന്ന ഫോര്‍മുല സിദ്ധരാമയ്യ മുന്നോട്ടുവച്ചെന്നാണ് എ ഐ സി സി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.