80 കോടി കളക്ഷനുമായി ‘ദി കേരള സ്റ്റോറി’; അനുഗൃഹീതനാകുന്നതായി തോന്നുന്നുവെന്ന് സംവിധായകന്‍ സുദീപ്തോ സെന്‍

വിവാദങ്ങള്‍ക്കിടയിലും ഒരാഴ്ചകൊണ്ട് 80 കോടി കളക്ഷന്‍ നേടി ദി കേരള സ്റ്റോറി. ചിത്രത്തിന് ലഭിച്ച സ്വീകരണം തന്നെ കൂടുതല്‍ ഉത്തരവാദിത്വമുള്ളവനാക്കുന്നുവെന്നും അനുഗൃഹീതനാകുന്നതായി തോന്നുന്നുവെന്നും സംവിധായകന്‍ സുദീപ്തോ സെന്‍ പറഞ്ഞു. നാളെയോടെ നൂറ് കോടി പിന്നിടുമെന്നാണ് ചിത്രത്തിന്റെ പിന്നണി പ്രവര്‍ത്തകരുടെ പ്രതീക്ഷ.

അതേസമയം, ചിത്രത്തിന് ഉത്തര്‍പ്രദേശ്, മദ്ധ്യപ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ സര്‍ക്കാരുകള്‍ പ്രദര്‍ശനം നികുതിമുക്തമാക്കിയിരുന്നു. ഇതാകാം കളക്ഷന്‍ വര്‍ദ്ധിക്കാന്‍ ഇടയായതെന്നും കരുതുന്നു. അറുപത് ലക്ഷത്തിലധികംപേര്‍ ഇതുവരെ സിനിമ കണ്ടതായും ഇന്ന് ചിത്രത്തെ സംബന്ധിച്ച് പുതിയൊരു അദ്ധ്യായം ആരംഭിക്കുകയാണെന്നും സുദീപ്തോ സെന്‍ പറഞ്ഞു.

40 രാജ്യങ്ങളില്‍കൂടി ദി കേരള സ്റ്റോറി പ്രദര്‍ശനത്തിന് എത്തിയിരിക്കയാണ്. താന്‍ കൂടുതല്‍ അനുഗ്രഹീതനായി തോന്നുന്നെന്നും സമൂഹമാദ്ധ്യമങ്ങളിലൂടെ അദ്ദേഹം പ്രതികരിച്ചു.