എറണാകുളം: താനൂര്‍ ബോട്ട് ദുരന്തം ഹൈക്കോടതി പരിഗണിക്കുന്നതില്‍ ചിലര്‍ അസ്വസ്ഥരാണെന്നും, വിഷയത്തില്‍ സ്വമേധയാ കേസെടുത്തതിലും നടത്തിയ പരാമര്‍ശങ്ങളിലും കടുത്ത സൈബര്‍ ആക്രമണം നേരിടേണ്ടിവരുന്നുവെന്നും കോടതി ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.
‘മറ്റൊരു ബോട്ട് ദുരന്തം ഇനി ഉണ്ടാകരുത്. അതുകൊണ്ട് സര്‍ക്കാര്‍ കോടതിക്കൊപ്പം നില്‍ക്കണം. ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കുമ്പോള്‍ അത് സര്‍ക്കാര്‍ വിരുദ്ധമാകുമോ? ജഡ്ജിമാര്‍ക്ക് സംസാരിക്കാന്‍ കഴിയുന്നില്ല. കോടതിക്ക് നേരെ ശക്തമായ സൈബര്‍ ആക്രമണം ഉണ്ടാകുന്നു. അഭിഭാഷകരും സൈബര്‍ ആക്രമണത്തിന്റെ ഭാഗമാകുന്നു’- കോടതി ചൂണ്ടിക്കാട്ടി.
അതേസമയം, താനൂരില്‍ അപകടത്തില്‍പ്പെട്ട ബോട്ടിലുണ്ടായിരുന്നത് 37പേരാണ്. എന്നാല്‍, 22 പേര്‍ക്ക് മാത്രമാണ് അനുമതിയുണ്ടായിരുന്നത്. ഓവര്‍ലോഡിങ് ആണ് അപകടത്തിന് കാരണമായതെന്ന് മലപ്പുറം ജില്ലാ കലക്ടര്‍ സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ബോട്ടില്‍ ആളെ കയറ്റുന്നിടത് എത്ര പേരെ കയറ്റാന്‍ സാധിക്കും എന്ന് എഴുതി വെക്കണമെന്ന് കോടതി നിര്‍ദേശിച്ചു. കേസില്‍ അഡ്വ.വി എം ശ്യാംകുമാറിനെ അമിക്കസ് ക്യൂറിയായി ഹൈക്കോടതി നിയോഗിച്ചിട്ടുണ്ട്.

