ദോഹ: അടുത്ത വര്‍ഷം ഖത്തറില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ കപ്പ് ഫുട്ബോളിന്റെ മത്സര ചിത്രം തെളിഞ്ഞു. ദോഹയിലെ കതാറ ഒപേര ഹാളിലാണ് നറുക്കെടുപ്പ് നടന്നത്. ഖത്തറും ലബനനും തമ്മിലാണ് ഉദ്ഘാടന മത്സരം. മുന്‍ ഇന്ത്യന്‍ വനിതാ താരം മെയ്മോള്‍ റോക്കിയും നറുക്കെടുപ്പ് സംഘത്തിലുണ്ടായിരുന്നു.
ഇന്ത്യയടക്കം 24 ടീമുകളെ 6 ഗ്രൂപ്പുകളായി തിരിക്കുന്ന പ്രക്രിയയാണ് പൂര്‍ത്തിയായത്. ഗ്രൂപ്പ് എയില്‍ ആതിഥേയരും നിലവിലെ ചാമ്ബ്യന്‍മാരുമായ ഖത്തറിനൊപ്പം ചൈന, താജികിസ്താന്‍, ലബനന്‍ എന്നീ ടീമുകളാണ് ഉള്ളത്. ബി ഗ്രൂപ്പില്‍ ആസ്ത്രേലിയ, ഉസ്ബകിസ്താന്‍, സിറിയ, ഇന്ത്യ ടീമുകള്‍ ഇടം പിടിച്ചു. ഇറാനും യുഎഇയും ബലാബലം നടത്തുന്ന സി ഗ്രൂപ്പില്‍ ഹോങ്കോങ്ങും പലസ്തീനും ഭാഗ്യപരീക്ഷണത്തിന് ഇറങ്ങും.
ഗ്രൂപ്പ് ഡിയില്‍ ശക്തരായ ജപ്പാന് വെല്ലുവിളികളുമായി ഇന്തോനേഷ്യ, ഇറാഖ്, വിയറ്റ്നാം എന്നീ ടീമുകളുണ്ട്. ദക്ഷിണ കൊറിയയാണ് ഇ ഗ്രൂപ്പിലെ ശ്രദ്ധാ കേന്ദ്രം. മലേഷ്യ, ജോര്‍ദാന്‍, ബഹ്റൈന്‍ എന്നിവരാണ് മറ്റു ടീമുകള്‍. അവസാന ഗ്രൂപ്പായ എഫില്‍ സൗദി അറേബ്യ, തായ്ലന്‍ഡ്, കിര്‍ഗിസ്താന്‍, ഒമാന്‍ ടീമുകള്‍ നോക്കൗട്ട് ലക്ഷ്യമാക്കി ഇറങ്ങും.

