സ്‌കൂള്‍ കുട്ടികള്‍ക്കുളള ഉച്ചഭക്ഷണത്തില്‍ മാംസം നിഷേധിക്കുന്നതെന്തിന്?; ലക്ഷദ്വീപ് ഭരണകൂടത്തോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: സ്‌കൂള്‍ കുട്ടികള്‍ക്കുളള ഉച്ചഭക്ഷണത്തില്‍ മാംസം നിഷേധിക്കുന്നത് എന്തിനെന്ന് ലക്ഷദ്വീപ് ഭരണകൂടത്തോട് ചോദ്യവുമായി സുപ്രീംകോടതി. ലക്ഷദ്വീപിലെ സ്‌കൂളുകളില്‍ ചിക്കനും ബീഫും ഒഴിവാക്കിയ നടപടിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് അനിരുദ്ധ ബോസ് അദ്ധ്യക്ഷനായ ബെഞ്ചിന്റെ ചോദ്യം.

അതേസമയം, മാംസാഹാരത്തേക്കാള്‍ മികച്ച ഭക്ഷണമാണ് നല്‍കാന്‍ തീരുമാനിച്ചതെന്ന് ലക്ഷദ്വീപ് ഭരണകൂടത്തിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.എം നടരാജ് വ്യക്തമാക്കി. എന്നാല്‍, എന്താണ് മികച്ച ഭക്ഷണമെന്നും, ചിക്കനും മട്ടനും പകരം ഡ്രൈ ഫ്രൂട്ട്‌സാണോ ഉച്ചഭക്ഷണത്തില്‍ ഉണ്ടാകുകയെന്നും കോടതി തിരിച്ച് ചോദിച്ചു. മേഖലയിലെ ഭക്ഷണക്രമത്തിന്റെയും സാംസ്‌കാരിക ശീലത്തിന്റെയും ഭാഗമാണെങ്കില്‍ നടപടി എങ്ങനെ ശരിയാകും? ചിക്കനും മട്ടനും ഇപ്പോള്‍ നല്‍കുന്നത് തുടരുക. സര്‍ക്കാര്‍ സ്‌കൂളുകളില്‍ കുട്ടികള്‍ വരുന്നത് ഉച്ചഭക്ഷണം കൂടി കണക്കിലെടുത്താണെന്നും കോടതി ചൂണ്ടിക്കാട്ടി.

എന്നാല്‍, കാലാവസ്ഥയ്ക്ക് അനുസരിച്ചുളള സാധനങ്ങളുടെ ലഭ്യത, സാമ്പത്തിക ഘടകങ്ങള്‍, പോഷകസമൃദ്ധി എന്നിവ പരിഗണിച്ചാണ് ചിക്കനും, ബീഫും ഒഴിവാക്കാനുളള നയപരമായ തീരുമാനമെടുത്തതെന്ന് ലക്ഷദ്വീപ് ഭരണകൂടം അറിയിച്ചു.