കുറ്റകരമായ അനാസ്ഥയാണ് പോലീസിന് ഉണ്ടായത്; ആർക്കാണ് പരിചയക്കുറവെന്നത് ജനം വിലയിരുത്തുമെന്ന് വി ഡി സതീശൻ

കോട്ടയം: കൊട്ടാരക്കരയിൽ കൊല്ലപ്പെട്ട വനിതാ ഡോക്ടർ വന്ദനയക്ക് അന്തിമോപചാരം അർപ്പിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മാതാപിതാക്കളുടെ ഏക മകളാണ് വന്ദനയെന്നും അവരുടെ നഷ്ട്ം ആർക്കും നികത്താനാകില്ലെന്നും വി ഡി സതീശൻ പറഞ്ഞു.

കുറ്റകരമായ അനാസ്ഥയാണ് പോലീസിന് ഉണ്ടായത്. ഇപ്പോൾ പോലീസ് പുതിയ തിരക്കഥ ഉണ്ടാക്കുന്നു. ആരോഗ്യ മന്ത്രി ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വം ഇനിയെങ്കിലും മനസിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ക്രമിനലിനെ ആശുപത്രിയിൽ എത്തിക്കുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകളൊന്നും എടുക്കാതെ പൊലീസ് ഉദ്യോഗസ്ഥർ വന്ന് ന്യായീകരിക്കുന്നത് വിചിത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വന്ദനയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസിന്റെ ഭാഗത്ത് കുറ്റകരമായ അനാസ്ഥയുണ്ട്. എഡിജിപി പറഞ്ഞതും എഫ്‌ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നതും വ്യത്യസ്തമാണ്. കൊലയാളിയെ വാദിയെ പോലെയാണ് പൊലീസ് അവതരിപ്പിക്കുന്നത്. ലഹരിമരുന്നിന് അടിമയായ പ്രതിയെ കസ്റ്റഡിയിൽ എടുത്ത ശേഷം അയാളുടെ കൈ പോലും കെട്ടാതെ ഒരു ഹോം ഗാർഡിനൊപ്പമാണ് ഡോക്ടറുടെ മുന്നിലെത്തിച്ചത്. അതിക്രമം കാട്ടിയപ്പോൾ ഈ കുട്ടി മാത്രം ഒറ്റപ്പെടുകയും പോലീസ് ഉൾപ്പെടെയുള്ളവർ ഓടി മുറിയിൽ കയറുകയും ചെയ്തുവെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.

പരിചയക്കുറവാണെന്ന് പറയുന്ന നിലയിലേക്ക് ആരോഗ്യമന്ത്രി തരംതാഴരുതായിരുന്നു. ആർക്കാണ് പരിചയക്കുറവെന്നത് ജനം വിലയിരുത്തും. സർക്കാർ ആശുപത്രിയിൽ ജോലിക്ക് പോകണമെങ്കിൽ കരാട്ടെയും കളരിപ്പയറ്റും പഠിക്കണമോയെന്നും എന്ത് പരിചയമാണ് വേണ്ടതെന്നും അദ്ദേഹം ചോദിച്ചു. എത്ര ന്യായീകരിച്ചാലും മന്ത്രി പറഞ്ഞത് എന്താണെന്ന് കേരളം കേട്ടതാണ്. ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വത്തിന് അനുസരിച്ച് വേണം മന്ത്രി പ്രതികരിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.