ജൂഡ് ആന്റണിയുടെ പൈസ തിരിച്ചു നല്‍കി ഒരു വര്‍ഷം കഴിഞ്ഞായിരുന്നു സഹോദരിയുടെ കല്യാണം; തെളിവുകള്‍ നിരത്തി നടന്‍ പെപ്പെ

കൊച്ചി: സംവിധായകന്‍ ജൂഡ് ആന്റണിയുടെ പൈസ തിരിച്ചു നല്‍കി ഒരു വര്‍ഷം കഴിഞ്ഞായിരുന്നു സഹോദരിയുടെ കല്യാണമെന്നും പ്രശ്‌നങ്ങള്‍ വേണ്ടെന്ന് കരുതിയാണ് മിണ്ടാതിരുന്നതെന്നും ജൂഡിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയായി നടന്‍ ആന്റണി വര്‍ഗീസ് പെപ്പെ പറഞ്ഞു. കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വ്യക്തമായ തെളിവുകള്‍ നിരത്തി പെപ്പേ രംഗത്ത് എത്തിയത്.

‘എന്നെപ്പറ്റി എന്തും പറഞ്ഞോളൂ, ജൂഡ് എന്റെ അമ്മയ്ക്കും ഭാര്യയ്ക്കും ഉണ്ടാക്കിയ വിഷമം വളരെ വലുതാണെന്നും’ പെപ്പേ പറഞ്ഞു. ജൂഡ് ഒരു നല്ല സിനിമ ചെയ്ത്, ഒരു വലിയ വിജയത്തിന്റെ ഭാഗമായി നില്‍ക്കുകയാണ്. എന്നാല്‍ തന്റെ വിജയം ദുരുപയോഗം ചെയ്ത് എന്നെ വ്യക്തിഹത്യ ചെയ്യുകയും എന്റെ അമ്മയ്ക്കോ പെങ്ങള്‍ക്കോ പുറത്തിറങ്ങി നടക്കുവാന്‍ പോലും പറ്റാത്ത അവസ്ഥയിലേക്കും ഇപ്പോള്‍ എത്തിച്ചിരിക്കുകയാണ്. അക്കാര്യത്തില്‍ എനിക്ക് അയാളോട് സഹതാപം തോന്നുന്നു. 2019 ജൂലായ് 7 ന് അഡ്വാന്‍സ് വാങ്ങിയ തുക 27 ജനുവരി 2020 ല്‍ തിരികെ കൊടുത്തതാണ്. 18 ജനുവരി 2021 ല്‍ ആയിരുന്നു എന്റെ സഹോദരി അഞ്ജലിയുടെ വിവാഹം. ജൂഡ് പറഞ്ഞ ആരോപണം എത്രത്തോളം വ്യാജമാണെന്ന് ബാങ്ക് സ്റ്റേറ്റ്‌മെന്റുകളും ഇമെയില്‍ തെളിവുകളും നിരത്തിയാണ് ആന്റണി പ്രസ് മീറ്റില്‍ തന്റെ ഭാഗം വ്യക്തമാക്കിയത്. ജൂഡ് പറഞ്ഞത് പ്രകാരമാണെങ്കില്‍ ഞാന്‍ ടൈംട്രാവല്‍ നടത്തിയിട്ടായിരിക്കുമല്ലോ എന്റെ പെങ്ങളുടെ കല്യാണം നടത്തിയത് അതിനുള്ള പണം എന്റെ വീട്ടുകാര്‍ കൂടി ചേര്‍ന്ന് സാമ്ബാദിച്ചതാണ്. എനിക്ക് ജൂഡേട്ടനോട് ഒരു ദേഷ്യവുമില്ല, അയാള്‍ ചെയ്ത സിനിമ ഞാന്‍ ഫാമിലിയായി കണ്ടു, മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന സിനിമ തന്നെയാണ് 2018. സംഘടനകള്‍ വഴി 3 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചര്‍ച്ച ചെയ്ത് പരിഹരിച്ച ഒരു വിഷയമാണ് ഒരു വലിയ വിജയ ചിത്രം ലഭിച്ചപ്പോള്‍ ജൂഡ് അത് മാനേജ് ചെയ്യുവാന്‍ കഴിയാതെ, മറ്റൊരാളുടെ ജീവിതത്തെ അപകീര്‍ത്തിപ്പെടുത്താന്‍ അതുപയോഗിച്ചത്.’-ആന്റണി പറഞ്ഞു.

ലിജോ ജോസ് പെല്ലിശ്ശേരി ഉള്ളതുകൊണ്ടാണ് ആന്റണി ജീവിക്കുന്നത്, കഴിവില്ലാത്തവനാണ് ആന്റണി എന്നുമുള്ള ജൂഡിന്റെ ആരോപണത്തിന്, മറ്റൊരാള്‍ കൈപിടിക്കാതെ സിനിമയിലേയ്ക്ക് കടന്നുവന്ന ആരാണിവിടെയുള്ളത്, ഞാന്‍ സ്വപ്നങ്ങളെ ഫോളോ ചെയ്ത് വന്നവനാണ് എന്നും ആന്റണി പ്രതികരിച്ചു. 2018 എന്ന സിനിമയില്‍ അഭിനയിക്കാമെന്ന കരാറില്‍ ആന്റണി തന്റെ കൈയ്യില്‍ നിന്ന് പണം വാങ്ങി സഹോദരിയുടെ വിവാഹം നടത്തി, ശേഷം സിനിമയില്‍ നിന്ന് പിന്മാറിയെന്നുമായിരുന്നു ജൂഡ് പറഞ്ഞത്. വന്ന വഴി മറക്കുക, നന്ദിയില്ലാതിരിക്കുക എന്ന് പറയുന്നത് ശരിയായ കാര്യമല്ല. ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി ഇവരുടെ പേരിലൊക്കെ പറയുന്ന കുറ്റം കഞ്ചാവടിച്ചു, ലഹരി മരുന്നിന് അടിമയാണ് എന്നൊക്കെയാണ്. ഇതൊന്നുമില്ലാതെ പെപ്പെ എന്നൊരുത്തന്‍ ഉണ്ട്, ആന്റണി വര്‍ഗീസ്. അയാള്‍ വളരെ നല്ലവനാണെന്ന് കരുതിയിരിക്കുകയാണ് എല്ലാവരും.എന്നാണ് ജൂഡ് പറഞ്ഞത്.