കൊല്‍ക്കത്തക്കെതിരെ രാജസ്ഥാന് വമ്പന്‍ ജയം

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഒമ്ബത് വിക്കറ്റിന് തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ്. 6.5 ഓവര്‍ ബാക്കിയിരിക്കെ നേടിയ തകര്‍പ്പന്‍ ജയത്തോടെ പട്ടികയില്‍ മൂന്നാംസ്ഥാനത്തേക്ക് ഉയര്‍ന്നു. സ്‌കോര്‍: കൊല്‍ക്കത്ത 8–149, രാജസ്ഥാന്‍ 1–151 (13.1)

അതിവേഗ അര്‍ധ സെഞ്ചുറി നേടിയ ജയ്‌സ്വാള്‍ 47 പന്തില്‍ 98 റണ്ണുമായി പുറത്താകാതെനിന്നു. 29 പന്തില്‍ 48 റണ്ണുമായി ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ കൂട്ടായി. ഓപ്പണര്‍ ജോസ് ബട്‌ലര്‍ റണ്ണെടുക്കുംമുമ്ബ് റണ്ണൗട്ടായി. മൂന്നാമത്തെ അര്‍ധ സെഞ്ചുറി നേടിയ ജയ്‌സ്വാള്‍ 13 ഫോറും അഞ്ച് സിക്‌സറും പറത്തി. സഞ്ജു അഞ്ച് സിക്‌സറും രണ്ട് ഫോറും കണ്ടെത്തി. മത്സരത്തില്‍ രാജസ്ഥാന്‍ ബൗളര്‍മാരാണ് കൊല്‍ക്കത്തയെ തളച്ചത്. നാല് ഓവറില്‍ 25 റണ്‍ വഴങ്ങി നാല് വിക്കറ്റെടുത്ത ചഹാലാണ് അതില്‍ പ്രധാനി. പേസര്‍ ട്രെന്റ് ബോള്‍ട്ടിന് രണ്ട് വിക്കറ്റുണ്ട്. മലയാളി പേസര്‍ കെ എം ആസിഫും സന്ദീപ് ശര്‍മയും ഓരോ വിക്കറ്റെടുത്തു. രാജസ്ഥാന്‍ അവസാന ആറ് കളിയില്‍ അഞ്ചും തോറ്റാണ് ഇറങ്ങിയത്. ഏഴാംമത്സരത്തിലെ വിജയം പ്ലേഓഫ് സാധ്യത സജീവമാക്കി.

കൊല്‍ക്കത്തയുടെ രക്ഷകനായ വെങ്കിടേഷ് അയ്യര്‍ (42 പന്തില്‍ 57), ക്യാപ്റ്റന്‍ നിതീഷ് റാണ (17 പന്തില്‍ 22), റിങ്കു സിങ് (18 പന്തില്‍ 16), ശാര്‍ദുല്‍ ഠാക്കൂര്‍ (2 പന്തില്‍ 1) എന്നിവരുടെ വിക്കറ്റുകളാണ് ചഹാല്‍ സ്വന്തമാക്കിയത്. ഓപ്പണര്‍ ജാസന്‍ റോയിയെയും (8 പന്തില്‍ 10) വിക്കറ്റ്കീപ്പര്‍ റഹ്മാനുള്ള ഗുര്‍ബസിനെയും (12 പന്തില്‍ 18) വീഴ്ത്തി ബോള്‍ട്ട് രാജസ്ഥാന് മികച്ച തുടക്കം നല്‍കി. ആന്ദ്രേ റസലിനെ വീഴ്ത്തി ആസിഫ് ആദ്യ വിക്കറ്റ് നേടി. 10 പന്തില്‍ 10 റണ്ണെടുത്ത വിന്‍ഡീസ് താരത്തെ ആര്‍ അശ്വിന്‍ പിടികൂടി. 17–ാംഓവറില്‍ വെങ്കിടേഷിനെയും ശാര്‍ദുല്‍ ഠാക്കൂറിനെയും മടക്കി ചഹാല്‍ കളി പിടിച്ചു. വെങ്കിടേഷ് അയ്യര്‍ നാല് സിക്‌സറും രണ്ട് ഫോറും പറത്തിയാണ് ഈ സീസണിലെ മൂന്നാം അര്‍ധസെഞ്ചുറി നേടിയത്.