തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വന്ദനാ ദാസിന്റെ കൊലപാതകത്തെ തുടർന്നുള്ള ഡോക്ടർമാരുടെ സമരം ഒത്തുതീർപ്പാക്കാൻ മുൻകൈയ്യെടുത്ത് സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയൻ ഡോക്ടർമാരുടെ സംഘടനകളുമായി ചർച്ച നടത്തി. വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ ഓഫിസിലാണ് ചർച്ച നടന്നത്. ഉദ്യോഗസ്ഥരുമായും ചർച്ച നടത്തിയിരുന്നു.
ആശുപത്രി സംരക്ഷണ ഓർഡിനൻസ്, ആശുപത്രികൾ സംരക്ഷണ മേഖലകളാക്കൽ എന്നിവയിൽ കൃത്യമായ തീരുമാനമില്ലാതെ നിലപാടിൽ നിന്ന് പിന്തിരിയേണ്ടതില്ലെന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണ് ഡോക്ടർമാരുടെ സംഘടനകൾ. സംസ്ഥാന വ്യാപക സമരത്തിന്റെ ഭാഗമായി ഐഎംഎയുടെ നേതൃത്വത്തിൽ ജില്ലാ കേന്ദ്രങ്ങളിലും സെക്രട്ടേറിയറ്റിലേക്കും മാർച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്. സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ ഇന്നും ഡ്യൂട്ടിയിൽ നിന്ന് വിട്ടുനിൽക്കും.
അത്യാഹിത വിഭാഗങ്ങൾ, ഐസിയു, ലേബർ റൂമുകൾ തുടങ്ങിയവയ്ക്ക് സമരം ബാധകമല്ല.

