തിരുവനന്തപുരം: റോഡ് ക്യാമറ വഴി കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് ജൂൺ അഞ്ച് മുതൽ പിഴ ഈടാക്കാൻ തീരുമാനം. ഈ മാസം 20 മുതൽ പിഴ ഈടാക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. റോഡ് ക്യാമറ പ്രവർത്തന സജ്ജമാക്കുന്നതിനുള്ള ഗതാഗത വകുപ്പിന്റെ ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. അതേസമയം, മാതാപിതാക്കൾക്കൊപ്പം കുട്ടികളെ കൊണ്ടുപോകുമ്പോൾ ഇളവ് നൽകുന്ന കാര്യത്തിൽ തീരുമാനമുണ്ടായിട്ടില്ല.
കഴിഞ്ഞ മാസം 20നാണ് ക്യാമറ പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. എന്നാൽ, മെയ് 19 വരെ പിഴയീടാക്കാതെ ബോധവൽക്കരണം നടത്തണമെന്നായിരുന്നു അധികൃതർ തീരുമാനിച്ചത്. പിന്നീട് ക്യാമറയുമായി ബന്ധപ്പെട്ട് അഴിമതി ആരോപണങ്ങളും വിവാദങ്ങളും ഉയർന്നിരുന്നു. ഇരുചക്ര വാഹനങ്ങളിൽ പോകുന്ന 12 വയസ്സിൽ താഴെയുള്ള കുട്ടിക്ക് 3 പേർ യാത്ര ചെയ്യുമ്പോൾ ചുമത്തുന്ന പിഴയീടാക്കുമെന്ന വ്യവസ്ഥയിൽ ഇളവു വേണമെന്ന ആവശ്യവും ശക്തമാണ്.
അതേസമയം, ക്യാമറ പദ്ധതിക്കു കരാർ നൽകിയതിൽ ക്രമക്കേടുണ്ടോ എന്നു പഠിക്കുന്ന പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ് വ്യവസായ വകുപ്പിനു വ്യാഴാഴ്ച റിപ്പോർട്ട് സമർപ്പിക്കും.

