സുൽത്താൻ ബത്തേരി: കോൺഗ്രസ് ലീഡേഴ്സ് മീറ്റ് സമാപിച്ചു. ആത്മവിശ്വാസത്തോടെ തെരഞ്ഞെടുപ്പിൽ ഇറങ്ങാനുള്ള കരുത്ത് ലീഡേഴ്സ് മീറ്റ് നൽകിയെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ വ്യക്തമാക്കി. മിഷൻ 24 ന്റെ ആശയങ്ങൾ നാളെ മുതൽ തന്നെ ബൂത്തുതലങ്ങളിലേക്ക് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒറ്റമനസോടെ മുന്നേറാനുള്ള തീരുമാനം യോഗത്തിൽ സ്വീകരിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ചൂണ്ടിക്കാട്ടി. ബിജെപിയെ മുഖ്യശത്രുവാക്കി രാഷ്ട്രീയ രേഖ ഇറക്കിയെന്നും ഈ മാസം 30 ണ് മുൻപ് പുനഃസംഘടന പൂർത്തിയാക്കും. ഒക്ടോബർ 31 വരെയുള്ള പ്രവർത്തന പദ്ധതിക്ക് രൂപം നൽകിയെന്നും ബിജെപിക്കെതിരെ വിദ്വേഷവിരുദ്ധ പ്ലാറ്റ്ഫോം രൂപീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വയനാട് സുൽത്താൻ ബത്തേരിയിലാണ് കെപിസിസി ലീഡേഴ്സ് മീറ്റ് നടന്നത്. മെയ് മാസത്തിൽ പാർട്ടിയിൽ പുനഃസംഘടന പൂർത്തിയാക്കണമെന്നും കെ സുധാകരൻ നേരത്തെ അറിയിച്ചിരുന്നു. പുനഃസംഘടന പൂർത്തിയാക്കാൻ കഴിയാത്തത് വലിയ പ്രശ്നമാണ്. എല്ലാവരും സഹകരിക്കണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചു. സമകാലിക രാഷ്ട്രീയ വിഷയങ്ങളെ കുറിച്ചും യോഗം ചർച്ച ചെയ്തു. ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങളെ കുറിച്ചും യോഗത്തിൽ ചർച്ച നടന്നു.

