തിരുവനന്തപുരം: സംസ്ഥാനത്ത് സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ ഉൾപ്പെടെ മുഴുവൻ വിദ്യാലയങ്ങളിലും അവധിക്കാല ക്ലാസുകൾ പാടില്ലെന്ന സർക്കാർ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി. അവധിക്കാല ക്ലാസുകളുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി അറിയിച്ചു.
വിദ്യാർത്ഥികളുടെ ഗുണത്തിനാണ് വെക്കേഷൻ ക്ലാസുകളെന്ന് കോടതി നിരീക്ഷിച്ചു. ചൂടിനെ പ്രതിരോധിക്കാൻ സൗകര്യങ്ങൾ ഒരുക്കണമെന്ന നിർദ്ദേശവും ഹൈക്കോടതി മുന്നോട്ടുവെച്ചു. കൃത്യമായ കാരണങ്ങളില്ലാതെ വെക്കേഷൻ ക്ലാസ് തടയാനാവില്ലെന്നും കോടതി വ്യക്തമാക്കി. വേനലവധി ക്ലാസുകൾ നിരോധിച്ചുള്ള 2017ലെ സർക്കാർ ഉത്തരവ് കർശനമായി പാലിക്കണമെന്നും, ഇക്കാര്യം വിദ്യാഭ്യാസ ഓഫീസർമാർ ഉറപ്പു വരുത്തണമെന്നും വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഉത്തരവിട്ടിരുന്നു. നിർദ്ദേശം ലംഘിച്ച് ക്ലാസ് നടത്തുന്ന സ്കൂളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വേനലവധിക്ക് കുട്ടികളെ പഠനത്തിനും ഇത്തരം ക്യാമ്പുകൾക്കും നിർബന്ധിക്കരുതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിൽ പറയുന്നു. കുട്ടികളെ ഇത്തരത്തിൽ നിർബന്ധിച്ച് ക്ലാസുകളിൽ ഇരുത്തുന്നത് അവരിൽ മാനസിക പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നടപടി.

