തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോക്ടർ വന്ദന ദാസ് ഹീനമായി കൊലചെയ്യപ്പെട്ടത് അക്ഷരാർഥത്തിൽ ഞെട്ടിച്ചുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. സുരക്ഷ സംബന്ധിച്ച് കേരളത്തിലെ ഡോക്ടർമാർ ഉയർത്തിയിരുന്ന ആശങ്ക പൂർണമായും ശരിയെന്ന് തെളിയിക്കുന്നതാണ് ഈ കൊലപാതകമെന്ന് അദ്ദേഹം വ്യക്തമാക്കി.
മാതാപിതാക്കളുടെ ഏക പ്രതീക്ഷയായിരുന്ന, സമൂഹത്തിന് വലിയ സംഭാവനകൾ നൽകേണ്ടിയിരുന്ന യുവ ഡോക്ടർക്കാണ് ഇത്തരമൊരു അന്ത്യം സംഭവിച്ചത്. ഒരു കൊടുംക്രിമിനലിനെ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പരിശോധനക്കെത്തിച്ചു എന്നു വ്യക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഞെട്ടിക്കുന്നതാണ് കേരളത്തിലെ ഡോക്ടർമാരുടെ തൊഴിൽ അന്തരീക്ഷം എന്ന് കഴിഞ്ഞ വർഷം ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. പക്ഷേ ആതുരശുശ്രൂഷകരുടെ സുരക്ഷ ഉറപ്പാക്കാൻ കേരള സർക്കാർ ഒന്നും ചെയ്തില്ല എന്ന് ഡോ വന്ദനയുടെ അനുഭവം തെളിയിക്കുന്നു. ആരോഗ്യവകുപ്പിന് ‘കപ്പിത്താൻ’ ഇല്ല എന്ന് ഒരിക്കൽക്കൂടി വ്യക്തമാവുന്നു. 2012 ൽ നിലവിൽ വന്ന ആശുപത്രി സംരക്ഷണ നിയമം എവിടെപ്പോയിയെന്ന് അദ്ദേഹം ചോദിച്ചു.
കഴിഞ്ഞവർഷം മാത്രം 137 അതിക്രമങ്ങളാണ് ഡോക്ടർമാർക്കെതിരെ കേരളത്തിൽ ഉണ്ടായത്. അതിക്രമങ്ങൾക്ക് ഇരയാകുന്നതിൽ നല്ല ശതമാനവും വനിത ഡോക്ടർമാരാണ് എന്നതാണ് കൂടുതൽ അപമാനകരം. നാടെങ്ങും ക്രിമിനലുകൾ അഴിഞ്ഞാടുമ്പോൾ ആഭ്യന്തരമന്ത്രി അടുത്ത വിദേശയാത്രക്കുള്ള തയാറെടുപ്പിലാണ്. സ്ത്രീ സമത്വം, കേരള മോഡൽ, പ്രബുദ്ധ കേരളം എന്നെല്ലാം പാർട്ടി സ്റ്റഡി ക്ലാസുകളിലും സമൂഹമാധ്യമങ്ങളിലും ആവർത്തിച്ചാൽ ഇതൊന്നും യാഥാർഥ്യമാവില്ല. അതിന് ഇച്ഛാശക്തിയും ജനങ്ങളോട് ഉത്തരവാദിത്തവുമുള്ള ഒരു ഭരണകൂടം കൂടിയുണ്ടാവണമെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു.

