രാജസ്ഥാനിലെ നാഗൗര്‍ ജില്ലയില്‍ വന്‍ ലിഥിയം ശേഖരം കണ്ടെത്തി

രാജസ്ഥാനിലെ നാഗൗര്‍ ജില്ലയിലെ ദേഗാന മുനിസിപ്പാലിറ്റിയില്‍ വന്‍തോതില്‍ ലിഥിയം ശേഖരം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്ത്. രാജ്യത്തെ ആവശ്യത്തിന്റെ 80 ശതമാനവും നിറവേറ്റാന്‍ ഇവ പര്യാപ്തമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം, ജമ്മു കശ്മീരില്‍ ഈയിടെ കണ്ടെത്തിയ 59 ലക്ഷം ടണ്‍ ലിഥിയം ശേഖരത്തിനക്കാള്‍ കൂടുതലാണിത്. രാജ്യത്തെ ഇലക്ട്രിക്കല്‍ വാഹനമേഖലയിലെ കുതിപ്പിന് ലിഥിയം ശേഖരത്തിന്റെ കണ്ടെത്തല്‍ പ്രയോജനകരമാകുമെന്നാണ് വിലയിരുത്തല്‍. വൈദ്യുതി വാഹനങ്ങളിലെ ബാറ്ററി നിര്‍മിക്കാനുപയോഗിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് ലിഥിയം.

ലോകത്തെ ലിഥിയം ഉത്പാദനത്തിന്റെ 47ശതമാനവും ഓസ്ട്രേലിയയിലും 30 ശതമാനം ചിലിയിലും 15 ശതമാനം ചൈനയിലുമാണ്. ധാതുക്കളുടെ സംസ്‌കരണത്തിന്റെ 58 ശതമാനവും നടക്കുന്നത് ചൈനയിലാണ്. 29 ശതമാനം ചിലിയിലും 10 ശതമാനം അര്‍ജന്റീനയിലുമാണ്.