‘ദി കേരള സ്റ്റോറി’: 50 കോടി ക്ലബ്ബില്‍

മെയ് 5-ന് റിലീസ് ചെയ്ത വിവാദ ചിത്രം ദി കേരള സ്റ്റോറി ഒരാഴ്ച പിന്നിട്ടപ്പോള്‍ 50 കോടിയ്ക്കുമേല്‍ ബോക്‌സ്ഓഫീസ് കളക്ഷനുമായി മുന്നേറുന്നു. തീവ്ര ഇസ്ലാമിസ്റ്റുകളും സിപിഎം, കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തിട്ടും ബോക്‌സ്ഓഫീസില്‍ മുന്നേറുകയാണ് ചിത്രം. ഇന്നലെ മാത്രം സിനിമ 11 കോടി രൂപയാണ് കളക്ട് ചെയ്തത്.

‘ദി കേരള സ്റ്റോറി’ ഇതുവരെ നേടിയത് 56.72 കോടി രൂപയാണ്. സുദീപ്തോ സെന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം നിര്‍മിച്ചിരിക്കുന്നത് വിപുല്‍ ഷായാണ്. അദാ ശര്‍മ നായികയാകുന്ന ചിത്രത്തില്‍ യോഗിത ബിഹ്ലാനി, സോണിയ ബലാനി, സിദ്ധി ഇതാദി എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദ കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തിന് ലഭിച്ച തരത്തിലുള്ള സ്വീകാര്യതയാണ് ദി കേരള സ്റ്റോറിയ്ക്കും ലഭിക്കുന്നത്.

കേരളത്തില്‍ നിന്ന് കാണാതായ സ്ത്രീകളെ മതപരിവര്‍ത്തനം നടത്തി രാജ്യത്തിനകത്തും പുറത്തും ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. തീവ്രവാദ പ്രവര്‍ത്തനങ്ങളെ ചൂണ്ടിക്കാണിക്കുന്ന ചിത്രത്തിനെതിരെ കോണ്‍ഗ്രസും സിപിഎമ്മും അടക്കമുള്ള പാര്‍ട്ടികള്‍ രംഗത്ത് വന്നത് വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിയൊരുക്കിയത്. കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്നു എന്നതാണ് ഇവരുടെ ആരോപണം.