അത്തരത്തില്‍ ഒരു മരണം ഉണ്ടാകും എന്നത് നിശ്ചയം; മുരളി തുമ്മാരുക്കുടിയുടെ പ്രവചനം ശ്രദ്ധേയമാകുന്നു

കോഴിക്കോട്: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവാവിന്റെ കുത്തേറ്റ് വനിതാ ഡോക്ടര്‍ മരിച്ചതിന് പിന്നാലെ ദുരന്തനിവാരണ വിദഗ്ധന്‍ മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു.

‘മാസത്തില്‍ അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ കേരളത്തില്‍ രോഗികളുടേയോ ബന്ധുക്കളുടേയോ ആക്രമണത്തിന് ഇരയാകുന്നുണ്ട്. ഭാഗ്യവശാല്‍ ഇത്തരത്തില്‍ ഒരു മരണം ഉണ്ടായിട്ടില്ല. അത് ഭാഗ്യം മാത്രമാണ്. അത്തരത്തില്‍ ഒരു മരണം ഉണ്ടാകും എന്നത് നിശ്ചയമാണ്്. ഇപ്പോള്‍ ‘ചില ഡോക്ടര്‍മാര്‍ അടി ചോദിച്ചു വാങ്ങുകയാണ്’ എന്നൊക്കെ പറയുന്നവര്‍ അന്ന് മൊത്തമായി കളം മാറും. സമൂഹത്തില്‍ വലിയ എതിര്‍പ്പ് ഉണ്ടാകും. മാധ്യമങ്ങള്‍ ചര്‍ച്ച നടത്തുകയും മന്ത്രിമാര്‍ പ്രസ്താവിക്കുകയും കോടതി ഇടപെടുകയും പുതിയ നിയമങ്ങള്‍ ഉണ്ടാകുകയും ചെയ്യും. ആരോഗ്യപ്രവര്‍ത്തകരുടെ നേരെയുള്ള അക്രമങ്ങള്‍ കുറച്ചു നാളത്തേക്കെങ്കിലും കുറയും’- എന്നാണ് അദ്ദേഹം പോസ്റ്റില്‍ പറയുന്നത്. ഏപ്രില്‍ ഒന്നിനാണ് മുരളി തുമ്മാരുകുടി ഈ പോസ്റ്റ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ചികിത്സാപ്പിഴവ് ആരോപിച്ചും മറ്റു തരത്തിലും ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പ്പെടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ ആക്രമത്തിന് ഇരയാകുന്ന പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ ഈ പോസ്റ്റ്.

അതേസമയം, സംസ്ഥാനത്തെ വിനോദയാത്ര ബോട്ടുകളുടെ അപകടസാധ്യതകളെ കുറിച്ച് നേരത്തെ ഇതേ പോസ്റ്റില്‍ അദ്ദേഹം പരാമര്‍ശിച്ചിരുന്നു. കേരളത്തില്‍ പത്തിലേറെപ്പോര്‍ ഒരു ഹൗസ്ബോട്ട് അപകടത്തില്‍ മരിക്കാന്‍ പോകുന്നത് ഏറെ വൈകില്ല എന്നായിരുന്നു ഇത്. ഈ പോസ്റ്റ് പങ്കുവെച്ച് ഒരു മാസം കൊണ്ട് പ്രവചിച്ചതുപോലെ താനൂരില്‍ സംഭവിക്കുകയും ചെയ്തു. സെക്രട്ടറിയേറ്റില്‍ കഴിഞ്ഞ ദിവസം ഉണ്ടായ തീപ്പിടിത്തത്തെ കുറിച്ചും മുരളി തുമ്മാരുകുടി നാല് വര്‍ഷം മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. സെക്രട്ടറിയേറ്റ് കണ്ടിട്ടുള്ള സുരക്ഷാ വിദഗ്ധന്‍ തലയില്‍ കൈവെച്ച് ഉടന്‍ സ്ഥലം കാലിയാക്കാന്‍ നോക്കുമെന്നും എന്നെങ്കിലും ഇവിടെ ഒരു ഫയര്‍ സേഫ്റ്റി ഓഡിറ്റ് നടന്നിട്ടുണ്ടോ എന്നും മുരളി തുമ്മാരുകുടി പോസ്റ്റില്‍ ചോദിച്ചിരുന്നു.