തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവാവിന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിയായ വനിതാ ഡോക്ടര്‍ വന്ദന ദാസ് (23) മരിച്ചു. നെടുമ്പന യു പി സ്‌കൂള്‍ അദ്ധ്യാപകനായ പൂയപ്പള്ളി സ്വദേശി സന്ദീപാണ് (42) ഇന്ന് പുലര്‍ച്ചെ ആക്രമണം നടത്തിയത്.
അതേസമയം, ഇന്നലെ രാത്രി അനുജന്‍ ആക്രമിച്ചെന്ന് പറഞ്ഞ് സന്ദീപ് തന്നെയാണ് പൊലീസില്‍ വിവരമറിയിച്ചത്. ഇയാളുടെ കാലില്‍ പരിക്കേറ്റിരുന്നു. സ്ഥലത്തെത്തിയ പൊലീസ് സന്ദീപാണ് അതിക്രമം കാണിച്ചതെന്ന് മനസിലായതോടെ കസ്റ്റഡിയിലെടുക്കുകയും പ്രതിയെ വൈദ്യപരിശോധനയ്ക്കും മുറിവ് തുന്നിക്കെട്ടാനുമായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇതിനിടെയാണ് ഇയാള്‍ അതിക്രമം നടത്തിയത്. ലഹരിക്കേസിലെ പ്രതിയാണ് സന്ദീപ്. ലഹരിക്കടിമയായതിന് പിന്നാലെ ഇയാളെ സസ്പെന്‍ഡ് ചെയ്തിരുന്നു.
വന്ദനയുടെ കഴുത്തിലും നെഞ്ചിലും മുതുകിലുമായി ആറോളം കുത്തുകളാണ് കൊണ്ടത്. ഉടന്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയിലെ കത്രികയെടുത്ത് സന്ദീപ് എല്ലാവരെയും കുത്തുകയായിരുന്നു. ആക്രമണത്തില്‍ പൊലീസുകാരായ അലക്‌സ്, ബേബി മോഹന്‍, മണിലാല്‍, സന്ദീപിന്റെ ബന്ധു ബിനു എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ സംസ്ഥാന വ്യാപകമായി പണിമുടക്കുമെന്ന് ഐ എം എ അറിയിച്ചു.

