താനൂരിലേത് സ്വാഭാവിക ദുരന്തമല്ല; പലരുടേയും അനാസ്ഥയും അത്യാർത്തിയുമാണ് 22 പേർ മരിക്കാനിടയായ ദുരന്തത്തിൽ കലാശിച്ചതെന്ന് പി കെ ഫിറോസ്

തിരുവനന്തപുരം: താനൂരിലേത് സ്വാഭാവിക ദുരന്തമല്ലെന്ന് പി കെ ഫിറോസ്. പലരുടേയും അനാസ്ഥയും അത്യാർത്തിയുമാണ് 22 പേർ മരിക്കാനിടയായ ദുരന്തത്തിൽ കലാശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ബോട്ട് സർവീസുകൾ കേന്ദ്രീകരിച്ച് നടക്കുന്ന അനാസ്ഥയെക്കുറിച്ച് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസിനും പരാതി നൽകിയിരുന്നു. അവരുടെ മരണത്തിന് ഉത്തരവാദികൾ ആയവരെ കൂടി വിചാരണയ്ക്ക് വിധേയമാക്കുമ്പോഴാണ് മരണപ്പെട്ടു പോയവർക്ക് ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്നവർ പാലിച്ചു നൽകേണ്ട നീതിയുടെ അല്പമെങ്കിലും ആവൂ. ഇപ്പോൾ വരുന്ന വാർത്തകളും നാട്ടുകാരുടെ വെളിപ്പെടുത്തലുകളും തികഞ്ഞ ഗൗരവത്തോടെ തന്നെയാണ് കാണേണ്ടത്. എല്ലാ അർത്ഥത്തിലും നിയമം ലംഘിച്ച് സർവ്വീസ് നടത്തിയിരുന്ന ഈ ബോട്ടിനെ കുറിച്ച് പോലീസിന് നേരത്തെ അറിയാമായിരുന്നു. നാട്ടുകാർ കളക്ടർ ഉൾപ്പെടെയുള്ള അധികാരികളുടെ മുന്നിൽ നിരന്തരം പരാതി നൽകിയിരുന്നു. ഇതൊക്കെ ആരാണ് അട്ടിമറിച്ചതെന്ന് അദ്ദേഹം ചോദിക്കുന്നു.

അനുമതിയില്ലാതെ നിർമ്മാണം നടത്തിയ ഈ ഫിഷിംഗ് ബോട്ടിന് അനുമതി നൽകാൻ മറൈൻ സിഇഒ കണ്ട വഴി പതിനായിരം രൂപ പിഴയിട്ടു ക്രമപ്പെടുത്തുക എന്നതാണ്. ഒട്ടും രാഷ്ട്രീയ സ്വാധീനം കൂടാതെ ഇങ്ങനെയൊരു ചട്ടലംഘനം സാധ്യമാകുമെന്ന് കരുതുന്നില്ല. ബോട്ടുടമയെ മാത്രം പ്രതിയാക്കിയതുകൊണ്ടോ ഉദ്യോഗസ്ഥരുടെ തലയിൽ മാത്രം പാപഭാരം കയറ്റിവെച്ചതുകൊണ്ടോ കാര്യമില്ല. ബോട്ടുടമക്ക് ഒത്താശ ചെയ്തവരെയും വിചാരണയ്ക്ക് വിധേയമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.