മലപ്പുറം: താനൂർ ബോട്ടപകടവുമായി ബന്ധപ്പെട്ട് ബോട്ടുടമ നാസറിനെതിരെ കൊലക്കുറ്റം ചുമത്തി. ജില്ലാ പോലീസ് മേധാവിയാണ് ഇക്കാര്യം അറിയിച്ചത്. നാസറിനെതിരെ ഐപിസി 302 വകുപ്പാണ് ചുമത്തിയിരിക്കുന്നത്. ബോട്ടിന്റെ സ്രാങ്കും ജീവനക്കാരനും ഒളിവിലാണ്. ഇവർക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് ചൂണ്ടിക്കാട്ടി.
ബോട്ടിനു പെർമിറ്റ്, അനുമതി എന്നിവ എങ്ങനെ ലഭിച്ചെന്ന കാര്യത്തിൽ അന്വേഷണം നടത്തുമെന്നും ബോട്ട് സാങ്കേതിക വിദഗ്ദരെ കൊണ്ട് പരിശോധിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, അപകടത്തിൽ മരിച്ച പോലീസുകാരൻ സബറുദ്ദീൻ ഡാൻസാഫ് താനൂർ ടീം അംഗമായിരുന്നെന്ന് എസ്പി പറഞ്ഞു. ഡ്യൂട്ടിക്കിടെ ആണ് സബറുദ്ദീന് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. ഇക്കാര്യത്തിൽ കൂടുതൽ കാര്യങ്ങൾ പരിശോധിക്കണമെന്നും ബോട്ടപകടവുമായി ബന്ധപ്പെട്ട് നാസറിനെ കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകുമെന്നും അദ്ദേഹം വിശദീകരിച്ചു.
അതേസമയം, താനൂർ ബോട്ടപകടത്തിൽ എത്രയും വേഗം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് പ്രത്യേക അന്വേഷണ സംഘത്തോട് സംസ്ഥാന പോലീസ് മേധാവി നിർദ്ദേശിച്ചത്.

