മുസ്ലിം സംവരണം റദ്ദാക്കിയതിലെ പ്രസ്താവന; അമിത് ഷാക്ക് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ മുസ്ലിം സംവരണം റദ്ദാക്കിയതില്‍ നടത്തിയ പ്രസ്താവനയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. ജസ്റ്റിസുമാരായ കെ എം ജോസഫ്, ബി വി നാഗരത്ന, അസ്ഫാനുദ്ദീന്‍ അബ്ദുല്ല എന്നിവരടങ്ങിയ ബെഞ്ചാണ് നിരീക്ഷണം നടത്തിയത്.

കര്‍ണാടകയില്‍ മുസ്ലീങ്ങള്‍ക്കുള്ള നാല് ശതമാനം സംവരണം ബി ജെ പി സര്‍ക്കാര്‍ റദ്ദാക്കിയ തീരുമാനത്തെ ന്യായീകരിച്ച് കര്‍ണാടകയിലെ പ്രചാരണ റാലിയിലാണ് അമിത് ഷാ വിമര്‍ശനത്തിനിടയാക്കിയ പ്രസ്താവന നടത്തിയത്. ‘മതാടിസ്ഥാനത്തില്‍ സംവരണം നല്‍കുന്നത് ഭരണഘടനാ വിരുദ്ധമാണ്. അതിനാല്‍ മുസ്‌ളീംങ്ങള്‍ക്ക് കര്‍ണാടകത്തില്‍ നല്‍കിയിരുന്ന നാല് ശതമാനം ഒ ബി സി സംവരണം അവസാനിപ്പിച്ചു’- എന്നായിരുന്നു അമിത് ഷായുടെ പ്രസ്താവന.

അതേസമയം, കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ പൊതുപ്രവര്‍ത്തകര്‍ അഭിപ്രായ പ്രകടനം നടത്തുമ്പോള്‍ ശ്രദ്ധിക്കണമെന്നും വിഷയങ്ങളെ രാഷ്ട്രീയവത്കരിക്കരുതെന്നും കോടതി വിമര്‍ശിച്ചു. ഇത്തരം പ്രസ്താവനകള്‍ അനുചിതമാണെന്നും കോടതി നടപടികളുടെ പരിശുദ്ധി പാലിക്കണമെന്നും ജസ്റ്റിസ് നാഗരത്ന വ്യക്തമാക്കി. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ അമിത് ഷാ പ്രസ്താവന നടത്തിയത് കോടതിയലക്ഷ്യമാണെന്ന് അഭിഭാഷകനായ ദുഷ്യന്ത് ദവെ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം.