ആരേയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചതായിരുന്നില്ല; ‘കക്കുകളി’ നാടകം നിര്‍ത്തിവെച്ച് പുന്നപ്ര പറവൂര്‍ പബ്ലിക് ലൈബ്രറി

പറവൂര്‍: ക്രൈസ്തവ സഭകളുടെ കടുത്ത പ്രതിഷേധത്തിനിടെ ‘കക്കുകളി’ നാടകം താല്‍ക്കാലികമായി നിര്‍ത്തിവെച്ച് പുന്നപ്ര പറവൂര്‍ പബ്ലിക് ലൈബ്രറി. ലൈബ്രറി പ്രസിഡന്റ് ഡോ. എസ്. അജയകുമാറും, സെക്രട്ടറി കെ.വി രാഗേഷും പത്രക്കുറുപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നെയ്തല്‍ നാടക സംഘമായിരുന്നു ‘കക്കുകളി’ അവതരിപ്പിച്ചിരുന്നത്.

കന്യാസ്ത്രീ മഠത്തിലെത്തിപ്പെടുന്ന പെണ്‍കുട്ടിയുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ കഥ പറഞ്ഞിരുന്ന ‘കക്കുകളി’ക്കെതിരേ നാടകം കന്യാസ്ത്രീ മഠങ്ങളെ മനഃപൂര്‍വം അപമാനിക്കാനുള്ളതായിരുന്നുവെന്ന് പറഞ്ഞ് വൈദികരുടേയും കന്യാസ്ത്രീകളുടേയുമെല്ലാം നേതൃത്വത്തില്‍ ഉയര്‍ന്ന പ്രതിഷേധം നടന്നിരുന്നു. നാടകം കളിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിനേയും സമീപിച്ചിരുന്നു. എന്നാല്‍, നാടകം ഏതെങ്കിലും വിഭാഗത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ഭൂരിപക്ഷ വിഭാഗം പറയുമ്പോള്‍ അത് കണ്ടില്ലെന്ന് നടിക്കാനാവില്ല. ആരുടേയും സമ്മര്‍ദ്ദം കൊണ്ട് നിര്‍ത്തുന്നതല്ല. ഇത് സംബന്ധിച്ച് കേസ് ഹൈക്കോടതിയിലുണ്ട്. മാത്രമല്ല, നാടകം ആരേയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചതായിരുന്നതല്ല നിര്‍ഭാഗ്യവശാല്‍ വിവാദത്തിലാവുകയായിരുന്നു. ഒരു സാഹിത്യ സൃഷ്ടിയുടെ ആവിഷ്‌കാരമെന്ന നിലയില്‍ അവതരിപ്പിച്ചുവന്ന നാടകം ചിലര്‍ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് കണ്ടു. വിവാദങ്ങളും കോടതി നടപടികളുമായി മുന്നോട്ടുപോവുന്നത് ഒരു പൊതു ഇടമെന്ന നിലയില്‍ ലൈബ്രറിക്ക് ഭൂഷണമല്ലെന്നു കണ്ടതിനാലാണ് നിര്‍ത്തിവെക്കുന്നതെന്നും ലൈബ്രറി പ്രസിഡന്റ് അടക്കമുള്ള ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടി.

അതേസമയം, നാടകം നിര്‍ത്താന്‍ പറവൂര്‍ പബ്ലിക് ലൈബ്രറി തീരുമാനമെടുത്തത് സംവിധായകനായ തന്നെ പോലും അറിയിക്കാതെയാണെന്ന് ‘കക്കുകളി’ സംവിധായകന്‍ ജോബ് മഠത്തില്‍ പ്രതികരിച്ചു. എഴുത്തുകാരനെപ്പോലെ ഒരു ഏകാംഗ പോരാളിയല്ല ഒരു നാടകത്തിന്റെ സംവിധായകന്‍. അയാള്‍ തന്റെ കലാരൂപത്തെ ജനസമക്ഷം അവതരിപ്പിക്കുന്നത് ഒരു ടീം വര്‍ക്കായിട്ടാണ്. നാടകത്തില്‍ അഭിനയിക്കുന്നവര്‍ മുതല്‍ അതിന്റെ രംഗസജ്ജീകരണം, ലൈറ്റ് ആന്‍ഡ് സൗണ്ട് തുടങ്ങി ഒട്ടനവധി ഘടകങ്ങള്‍ ഒന്നു ചേരുമ്പോഴാണ് നാടകത്തിനൊരു പൂര്‍ണത വരുന്നത്. ഒരു നാടകം ജനസമക്ഷം അവതരിപ്പിക്കുമ്പോള്‍ അതിന്റെ നടത്തിപ്പുകാരായവര്‍ക്കും നാടകം മുന്നോട്ടു കൊണ്ടുപോകുന്നതില്‍ നിര്‍ണായകമായ ഉത്തരവാദിത്തം ഉണ്ട്. എന്നാല്‍, പറവൂര്‍ പബ്ലിക് ലൈബ്രറിയുടേത് ഏകപക്ഷീയമായ തീരുമാനമായി’- അദ്ദേഹം ചൂണ്ടിക്കാട്ടി.