ഭോപാല്‍: മധ്യപ്രദേശിലെ ഖാര്‍ഗോണില്‍ ചൊവ്വാഴ്ച രാവിലെ നിയന്ത്രണം വിട്ട ബസ് പാലത്തില്‍ നിന്ന് താഴേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം 22 ആയി. പരിക്കേറ്റ 31 പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. മരിച്ചവരില്‍ മൂന്ന് കുട്ടികളും ആറ് സ്ത്രീകളും ഉള്‍പ്പെടുന്നു.
അന്‍പതിലധികം ആളുകളുമായി ഇന്‍ഡോറിലേക്കു പുറപ്പെട്ട ബസ് യാത്രയ്ക്കിടെ ഖാര്‍ഗോണിലെ ദസംഗ ഗ്രാമത്തില്‍ വെച്ചാണ് അപകടത്തില്‍പ്പെട്ടത്. വെള്ളമില്ലാത്ത നദിക്കു കുറുകെയുള്ള പാലത്തില്‍നിന്നാണ് മറിഞ്ഞത്. നാട്ടുകാര്‍ ചേര്‍ന്ന് ഉടന്‍തന്നെ രക്ഷാപ്രവര്‍ത്തനം നടത്തിയതായി സംസ്ഥാന ആഭ്യന്തര മന്ത്രി നരോത്തം മിശ്ര അറിയിച്ചു. അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നാലു ലക്ഷവും ഗുരുതര പരിക്കേറ്റവര്‍ക്ക് 50,000 രൂപയും മറ്റു ചെറിയ പരിക്കുള്ളവര്‍ക്ക് 25,000 രൂപയും നല്‍കുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്ര ധനസഹായമായി രണ്ട് ലക്ഷം രൂപ അനുവദിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസും അറിയിച്ചു.
അതേസമയം, അപകടത്തില്‍പ്പെട്ട ബസിന്റെ ഡ്രൈവറെ കണ്ടെത്താനായില്ല. ഇയാള്‍ ഉറങ്ങിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

