തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മെയ് 20 മുതൽ 27 വരെ കനകക്കുന്നിൽ നടക്കുന്ന എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയുടെ പ്രചാരണാർത്ഥം തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസ് സംഘടിപ്പിക്കുന്ന വിളംബര ജാഥക്ക് ഇന്ന് തുടക്കം. വൈകുന്നേരം ആറിന് തിരുമല ജംഗ്ഷനിൽ നടക്കുന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ജാഥ ഫ്‌ളാഗ് ഓഫ് ചെയ്യും. ജില്ലാ കളക്ടർ ജെറോമിക് ജോർജ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജി.ബിൻസിലാൽ, രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കും.
എന്റെ കേരളം പ്രദർശന വിപണന മേളയുടെ സന്ദേശവും കഴിഞ്ഞ രണ്ട് വർഷം സംസ്ഥാന സർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങളും ജില്ലയിലെ എല്ലാ പ്രദേശങ്ങളിലുമെത്തിക്കുന്ന വിധത്തിൽ 14 നിയമസഭാ മണ്ഡലങ്ങളിലെയും പ്രധാന കേന്ദ്രങ്ങളിൽ വിളംബരജാഥയെത്തും. അതാത് മണ്ഡലങ്ങളിൽ നടത്തിയ വികസന പ്രവർത്തനങ്ങളും നേട്ടങ്ങളും വിശദീകരിക്കുന്ന ഇരുപത് മിനുട്ട് വീഡിയോ പ്രദർശനവും സംഗീതപരിപാടികളും ജാഥയുടെ ഭാഗമായി അരങ്ങേറും.

