താനൂര്‍ ബോട്ടപകടം: സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

താനൂര്‍ ബോട്ടപകടത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മലപ്പുറം ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവിയും ആലപ്പുഴ ചീഫ് പോര്‍ട്ട് സര്‍വേയറും പത്ത് ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജു നാഥ് അറിയിച്ചു. മെയ് 19ന് തിരൂരില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.

അതേസമയം, ബോട്ടപകടവുമായി ബന്ധപ്പെട്ട് മുഴുവന്‍ പേരെയും കണ്ടെത്തി. 37 പേരാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ 22 പേര്‍ മരണപ്പെട്ടു. 10 പേരെയാണ് രക്ഷപ്പെടുത്താനായത്. 5 പേര്‍ നീന്തിക്കയറുകയും ചെയ്തു. അപകടത്തില്‍പ്പെട്ട ഒരു കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ട്. വൈകിട്ടോടെ തെരച്ചില്‍ അവസാനിപ്പിക്കുമെന്നും ദുരന്ത നിവാരണ വിഭാഗം അറിയിച്ചു.

അതിനിടെ, ബോട്ട് ഉടമയുടെ വാഹനം കൊച്ചിയില്‍ വെച്ച് കസ്റ്റഡിയിലെടുത്തു. പാലാരിവട്ടം പൊലീസാണ് വാഹനം പിടിച്ചെടുത്തത്. ബോട്ടുടമയായ നാസറിന്റെ സഹോദരനേയും സുഹൃത്തുക്കളേയും പൊലീസ് ചോദ്യം ചെയ്യുകയാണ്. നാസറിന്റെ ചേട്ടനും സുഹൃത്തുക്കളും കസ്റ്റഡിയിലെടുത്ത വാഹനത്തിലുണ്ടായിരുന്നു. നാസറിന്റെ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. ഇദ്ദേഹം എറണാകുളം ജില്ലയിലുണ്ടെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.