മലപ്പുറം: താനൂർ ബോട്ടപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപ ധനസഹായമാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.
താനൂർ ബോട്ടപകടത്തിൽ പ്രധാനമന്ത്രി അതീവ ദുഃഖം രേഖപ്പെടുത്തുകയും ചെയ്തു. അതേസമയം, മലപ്പുറം താനൂർ ഒട്ടുംപുറം തൂവൽതീരത്ത് വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ബോട്ട് മുങ്ങി നിരവധി പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചു. ഏകോപിതമായി അടിയന്തിര രക്ഷാപ്രവർത്തനം നടത്താൻ മലപ്പുറം ജില്ലാ കലക്ടർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിയിരുന്നു. മുഴുവൻ സംവിധാനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള ഇടപെടൽ നടന്നു വരികയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, വി അബ്ദുറഹ്മാൻ എന്നിവരെ അപകട സ്ഥലത്ത് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. താനൂർ, തിരൂർ ഫയർ യൂണിറ്റുകളും പോലീസ്, റവന്യൂ, ആരോഗ്യ വിഭാഗവും, നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്. ആശുപത്രികളിൽ ആവശ്യമായ ചികിത്സാ സംവിധാനങ്ങൾ ഏർപ്പെടുത്താൻ അടിയന്തര നിർദ്ദേശം നൽകിയതായും അദ്ദേഹം അറിയിച്ചു.
അപകടത്തിൽ മരണപ്പെട്ടവർക്കുള്ള ആദരസൂചകമായി തിങ്കളാഴ്ച്ച സംസ്ഥാനത്ത് ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു. തിങ്കളാഴ്ച്ച നടത്താനിരുന്ന താലുക്കുതല അദാലത്തുകൾ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ സർക്കാർ ഔദ്യോഗിക പരിപാടികളും മാറ്റി വെക്കാനും തീരുമാനിച്ചു.

