തിരുവനന്തപുരം: സർക്കാർ ഖജനാവിൽ നിന്ന് പണംമുടക്കുന്ന പദ്ധതികളെ കുറിച്ച് അഭിപ്രായം പറയാൻ ഉള്ള അധികാരം ധനവകുപ്പിന് ഇല്ലാതാകുന്ന വിധത്തിൽ ഭരണപരിഷ്‌കാര നീക്കവുമായി സംസ്ഥാന സർക്കാർ. ഫയലുകളിൽ അടിയന്തര തീർപ്പ് ലക്ഷ്യമിട്ട് സർക്കാർ നിയോഗിച്ച വി സെന്തിൽ കുമാർ കമ്മിറ്റിയാണ് ഇതുസംബന്ധിച്ച ശുപാർശ നൽകിയത്. പദ്ധതി ഫയലുകളിൽ അതാത് വകുപ്പുകൾക്ക് തീരുമാനം എടുക്കാമെന്നത് ഉൾപ്പെടെയുള്ള വ്യവസ്ഥകളാണ് ശുപാർശയിലുള്ളത്.
റോഡ് ക്യാമറ വിവാദത്തിന്റെ തുടക്കത്തിൽ ധനവകുപ്പ് ഉയർത്തിയ എതിർപ്പുകളും ധനവകുപ്പ് നിർദ്ദേശങ്ങളെ കെൽട്രോൺ മറികടന്നതുമെല്ലാം വാർത്തകളിൽ ഇടംനേടിയിരുന്നു. പ്രൊജക്ട് മാനേജ്‌മെന്റ് കൺസൾട്ടന്റായും കരാറുകാരായും ഒരേ സമയം കെൽട്രോണിന് പ്രവർത്തിക്കാനാകില്ലെന്ന ധനവകുപ്പ് നിർദ്ദേശം ലംഘിച്ച് നടന്ന ഇടപാടിന് പിന്നീട് മന്ത്രിസഭായോഗം അനുമതി നൽകിയിരുന്നു.
സ്വതന്ത്ര അധികാരം കവരുന്ന നിർദ്ദേശങ്ങൾക്ക് അംഗീകാരം ലഭിക്കുകയാണെങ്കിൽ ധനവകുപ്പിന് സർക്കാർ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകളിൽ പോലും ഇടപെടാനാകില്ല. ശമ്പള വിതരണത്തിനുള്ള സ്പാർക്ക് സോഫ്റ്റ് വെയർ പൊതുഭരണ വകുപ്പിലേക്ക് മാറും. പദ്ധതി ഫയലുകളിൽ അതാത് വകുപ്പുകളിലെ ഫിനാൻസ് ഓഫീസർ കുറിപ്പെഴുതും.

