മണിപ്പൂർ സംഘർഷം; ഇതുവരെ മരണപ്പെട്ടത് 54 പേർ

ഇംഫാൽ: മണിപ്പൂർ സംഘർഷത്തിൽ ഇതുവരെ മരണപ്പെട്ടത് 54 പേരെന്ന് റിപ്പോർട്ട്. ചുരാചന്ദ് ജില്ലാ ആശുപത്രി, ഇംഫാൽ റീജണൽ ഇൻസ്റ്റിറ്റ്യൂട്ട്, ജവഹർലാൽ നെഹ്‌റു മെഡിക്കൽ സയൻസ് ആശുപത്രികളിലാണ് മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. സംഘർഷ മേഖലകളിൽ സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ്.

അതേസമയം, പതിമൂവായിരം പേരെയാണ് സൈന്യം മണിപ്പൂരിലെ കലാപ മേഖലകളിൽ നിന്ന് ഇതുവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. ഇവരെ സൈനിക ക്യാമ്പുകളിലേക്കും സർക്കാർ ഓഫീസുകളിലേക്കുമാണ് മാറ്റിപ്പാർപ്പിച്ചത്. അസം റൈഫിൾസിന്റെയും ഫയർഫോഴ്‌സിന്റെയും സംയുക്ത സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. ചുരാചദ്പൂർ, കെപിഐ, മോറെ, കച്ചിംഗ് പ്രദേശങ്ങളിലാണ് രണ്ട് സമുദായങ്ങൾ തമ്മിൽ സംഘർഷം നടന്നത്.

ഭൂരിപക്ഷം വരുന്ന മെയ്‌തേയി സമുദായത്തിന് പട്ടികവർഗ പദവിക്ക് നൽകിയതിനെ ചൊല്ലിയാണ് മണിപ്പൂരിൽ പ്രതിഷേധം ആരംഭിച്ചത്. സംഘർഷം രൂക്ഷമായ പ്രദേശങ്ങളിൽ സൈന്യത്തെയും അസം റൈഫിൾസിനെയും വിന്യസിച്ചതായി മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് വ്യക്തമാക്കിയിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിക്കുകയും ചെയ്തിരുന്നു.