പൂഞ്ച് ഭീകരാക്രമണം; സ്ഥിതിഗതികൾ വിലയിരുത്താൻ രാജ്‌നാഥ് സിംഗ് ജമ്മു കശ്മീരിലെത്തും

rajnath singh

ശ്രീനഗർ: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ജമ്മു കശ്മീരിലെത്തും. പൂഞ്ചിൽ ഭീകരാക്രമണം നടത്തിയ ഭീകരരെ പിടികൂടാനുള്ള ഓപ്പറേഷൻ ത്രിനേത്ര’ വിലയിരുത്താൻ വേണ്ടിയാണ് അദ്ദേഹം കശ്മീരിലെത്തുന്നത്. കരസേന മേധാവി ജനറൽ മനോജ് പാണ്ഡെയും രാജ്‌നാഥ് സിംഗിനൊപ്പം ഉണ്ടാകും. നേരത്തെ, നോർത്തേൺ ആർമി കമാൻഡർ ഉപേന്ദ്ര ദ്വിവേദി ഓപ്പറേഷൻ ത്രിനേത്ര വിലയിരുത്താൻ രജൗരിയിൽ എത്തിയിരുന്നു. ഏറ്റുമുട്ടൽ നടക്കുന്ന കാണ്ടി വനമേഖലയിൽ എത്തി അദ്ദേഹം സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു.

അതേസമയം. ഏറ്റുമുട്ടലിൽ ഇന്ത്യൻ സൈന്യം ഒരു ഭീകരനെ വധിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മേഖലയിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. നിരവധി വെടിക്കൊപ്പുകളും മേഖലയിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. രക്ഷപ്പെടാൻ ശ്രമിച്ച ഭീകരരെ സൈന്യം വളഞ്ഞിരിക്കുകയാണ്. ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സൈനികരുടെ പേരുവിവരങ്ങൾ സൈന്യം പുറത്തുവിട്ടു. ലാൻസ് നായിക് രുചിൻ സിംഗ് റാവത്ത് (ഉത്തരാഖണ്ഡ്), പാരാട്രൂപ്പർ സിദ്ധാന്ത് ചെത്രി (പശ്ചിമ ബംഗാൾ), നായിക് അരവിന്ദ് കുമാർ (ഹിമാചൽ പ്രദേശ്), ഹവിൽദാർ നീലം സിംഗ് (ജമ്മു കശ്മീർ), പാരാട്രൂപ്പർ പ്രമോദ് നേഗി (ഹിമാചൽ പ്രദേശ്) തുടങ്ങിയവരാണ് വീരമൃത്യു വരിച്ചത്.