തമിഴ്‌നാടിന് തലവേദനയായി അരിക്കൊമ്പൻ; മേഘമലയിൽ വിനോദ സഞ്ചാരികൾ എത്തുന്നതിന് നിരോധനം ഏർപ്പെടുത്തി വനംവകുപ്പ്

കുമളി: തമിഴ്‌നാടിന് തലവേദനയായി അരിക്കൊമ്പൻ. ചിന്നക്കനാലിൽ നിന്ന് പിടികൂടി പെരിയാർ വന്യജീവി സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പൻ ജനവാസ മേഖലയിലിറങ്ങിയ സാഹചര്യമാണ് നിലവിലുള്ളത്. മേഘമല, തേനി പ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാാണ് അധികൃതർ.

മേഘമലയിൽ വിനോദ സഞ്ചാരികൾ എത്തുന്നതിന് നിരോധനം ഏർപ്പെടുത്തി വനംവകുപ്പ് നിർദ്ദേശം പുറപ്പെടുവിച്ചു. തേനി ജില്ലാ ഫോറസ്റ്റ് ഓഫീസറും ജില്ലാ പൊലീസ് സൂപ്രണ്ടും നേരിട്ട് മേഘമലയിൽ പരിശോധന നടത്തി. അരിക്കൊമ്പന്റെ സഞ്ചാരം കണക്കിലെടുത്തായിരുന്നു നടപടി. മേഖലയിൽ ഉടൻ നിരോധനാജ്ഞ പുറപ്പെടുവിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ മേഘമലയിൽ ക്യാംപ് ചെയ്യുകയാണ്.

അരിക്കൊമ്പൻ കഴിഞ്ഞദിവസം രാത്രിയും ജനവാസമേഖലയിൽ ഇറങ്ങിരുന്നു. ഇത് ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. മേഘമല ഹൈവേസ് ഡാമിന് സമീപം കൃഷി നശിപ്പിക്കാൻ അരിക്കൊമ്പൻ ശ്രമിച്ചിരുന്നു. തൊഴിലാളികളും വനപാലകരും ചേർന്നാണ് ആനയെ കാട്ടിലേയ്ക്കു തുരത്തി ഓടിച്ചത്. മേഘമല, ഇരവിങ്കലാർ, മണലാർ മേഖലകളിൽ രാത്രി യാത്ര ഒഴിവാക്കണമെന്നാണ് വനംവകുപ്പ് നൽകിയിരിക്കുന്ന മുന്നറിയിപ്പ്.