എഐ ക്യാമറ വിവാദം; വിവാദം ചര്‍ച്ചയാക്കാതെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്

തിരുവനന്തപുരം: എഐ ക്യാമറ വിവാദത്തിൽ മൗനം തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വെള്ളിയാഴ്ച്ച ചേർന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലും എഐ ക്യാമറാ വിവാദം ചർച്ച ചെയ്തില്ല. ചർച്ചയിൽ വിവാദത്തെ കുറിച്ച് മുഖ്യമന്ത്രി വിശദീകരിച്ചില്ല. സർക്കാർതല അന്വേഷണ റിപ്പോർട്ട് പുറത്തുവന്ന ശേഷം പ്രതികരിക്കാനാണ് പാർട്ടിയിൽ ധാരണയായിട്ടുള്ളത്.

സംഘടനാ വിഷയങ്ങളാണ് കഴിഞ്ഞ ദിവസം ചേർന്ന സിപിഎം യോഗം ചർച്ച ചെയ്തത്. അതേസമയം, എ ഐ ക്യാമറ ഇടപാടിലെ അഴിമതി ആരോപണത്തിൽ നിർണായക രേഖ ഇന്ന് പുറത്തുവിടുമെന്ന് നേരത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അറിയിച്ചിരുന്നു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെ നാല് അഴിമതികൾ ഉടൻ പുറത്തു വരുമെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. സംസ്ഥാനത്ത് നടക്കുന്ന എല്ലാ അഴിമതികളും അവസാനിക്കുന്നത് ഒരു പെട്ടി ഇരിക്കുന്ന സ്ഥലത്താണ്. ആ പെട്ടി കയ്യിൽ വെക്കുന്നത് മുഖ്യമന്ത്രിയുടെ ബന്ധുക്കളാണെന്നും അദ്ദേഹം വിമർശിച്ചിരുന്നു.