ന്യൂഡൽഹി: മണിപ്പൂരിൽ കേന്ദ്രസർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. കലാപ സാഹചര്യം കണക്കിലെടുത്താണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. വരുന്ന 72 മണിക്കൂറിൽ നിർണായക നടപടികൾ മണിപ്പൂരിലുണ്ടാകുമെന്നാണ് വിവരം. സംസ്ഥാനത്ത് സാധാരണ നില പുനഃസ്ഥാപിക്കുന്നതിനായി കേന്ദ്രസർക്കാർ ശ്രമം ആരംഭിച്ച് കഴിഞ്ഞുവെന്നും റിപ്പോർട്ടുകളുണ്ട്. അക്രമത്തിന്റെ പ്രഭവകേന്ദ്രമായ അഞ്ച് ജില്ലകളിൽ കേന്ദ്ര സേനയെ വിന്യസിച്ചുവെന്നാണ് പുറത്തു വരുന്ന സൂചനകൾ.
മുംബൈ, ജാർഖണ്ഡ്, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്ന് ആറ് കമ്പനി റാപ്പിഡ് ആക്ഷൻ ഫോഴ്സിനെയും (ആർഎഎഫ്) ഡൽഹിയിൽ നിന്നും പഞ്ചാബിൽ നിന്നും ആറ് കമ്പനി സിആർപിഎഫിനെയും ബിഎസ്എഫിനെയും കേന്ദ്രം അയച്ചെന്നാണ് വിവരം. അടുത്ത 48 മണിക്കൂറിനുള്ളിൽ കൂടുതൽ സൈനികരെ മണിപ്പൂരിലേക്ക് അയക്കാനും കേന്ദ്രം ആലോചിക്കുന്നുണ്ട്.
നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. അമിത് ഷാ മണിപ്പൂർ മുഖ്യമന്ത്രിയുമായി സംസാരിക്കുകയും ചെയ്തിരുന്നു. സംഘർഷത്തിൽ മരണം സംഭവിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. സംഘർഷങ്ങൾക്ക് കാരണം രണ്ടു വിഭാഗങ്ങൾ തമ്മിലുണ്ടായ തെറ്റിദ്ധാരണയാണെന്നും അക്രമത്തിൽ മരണവും നാശനഷ്ടവും ഉണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു.

