വന്ദേഭാരത് എക്‌സ്പ്രസ്; ആദ്യത്തെ ആറ് ദിവസം കൊണ്ട് ടിക്കറ്റിനത്തിൽ മാത്രം നേടിയത് 2.7 കോടി രൂപ

തിരുവനന്തപുരം: കേരളത്തിലെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസിന്റെ വരുമാന കണക്കുകൾ പുറത്ത്. കോടികളാണ് ആദ്യത്തെ ആറ് ദിവസം കൊണ്ട് വന്ദേഭാരത് ടിക്കറ്റിനത്തിൽ മാത്രം നേടിയത്. 2.7 കോടി രൂപയാണ് ആദ്യത്തെ ആറ് ദിവസം കൊണ്ട് വന്ദേഭാരത് എക്‌സ്പ്രസ് കേരളത്തിൽ നിന്ന് നേടിയതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രിപ്പിനാണ് ഏ്‌റവും അധികം വരുമാനം.

ഏറ്റവും കൂടുതൽ പേർ ബുക്ക് ചെയ്ത് ടിക്കറ്റ് എടുത്തത് ഈ ഒരൊറ്റ ട്രിപ്പിന് വേണ്ടിയാണ്. 1.17 കോടി രൂപയാണ് കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രിപ്പിലൂടെ മാത്രം വന്ദേഭാരതിന് ലഭിച്ചത് ഏപ്രിൽ 28 മുതൽ മെയ് 3 വരെയുള്ള കണക്കുകളാണ് പുറത്തുവന്നത്. ശേഷം ദിവസങ്ങളിലെ കണക്ക് വരും ദിവസങ്ങളിൽ പുറത്തുവരും. ഏപ്രിൽ 25-ാം തീയതിയാണ് വന്ദേഭാരതിന്റെ ഫ്‌ളാഗ് ഓഫ് നിർവ്വഹിച്ചത്.

തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് കേരളത്തിലെ ആദ്യ വന്ദേഭാരത് ഫ്‌ളാഗ് ഓഫ് ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ചടങ്ങിന് സാക്ഷ്യം വഹിച്ചു. വലിയ സ്വീകാര്യതയാണ് വന്ദേഭാരതിന് കേരളത്തിൽ ലഭിച്ചിരിക്കുന്നതെന്നാണ് വരുമാന കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്.