ഒമ്പത് വര്‍ഷത്തിനിടെ 37,011 കിലോമീറ്റര്‍ ട്രാക്ക് വൈദ്യുതീകരിച്ചതായി ഇന്ത്യന്‍ റെയില്‍വേ

ന്യൂഡല്‍ഹി: കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ 37,011 കിലോമീറ്റര്‍ ട്രാക്ക് വൈദ്യുതീകരിച്ചതായി ഇന്ത്യന്‍ റെയില്‍വേ. സ്വാതന്ത്ര്യത്തിന് ശേഷം 2014 വരെയുള്ള കാലയളവില്‍ 24,413 കിലോമീറ്റര്‍ ട്രാക്ക് മാത്രമേ രാജ്യത്ത് വൈദ്യുതീകരിച്ചിരുന്നുള്ളൂ. എന്നാല്‍, മോദി സര്‍ക്കാരിന്റെ കാലത്ത് രാജ്യത്തെ റെയില്‍വേ ട്രാക്ക് വൈദ്യുതീകരണത്തിന്റെ വേഗത ഗണ്യമായി വര്‍ദ്ധിച്ചു.

അതേസമയം, 58,424 കി.മീറ്റര്‍ റെയില്‍വേ ട്രാക്കാണ് നിലവില്‍ വൈദ്യുതീകരിക്കപ്പെട്ടത്. ഇത് രാജ്യത്തെ മൊത്തം റെയില്‍വേ ട്രാക്കിന്റെ 90 ശതമാനമാണ്. വൈദ്യുതീകരിക്കപ്പെട്ട ആകെ റൂട്ടിന്റെ 50 ശതമാനവും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ആണെന്നും റെയില്‍വേ അറിയിച്ചു.

‘2030-ഓടെ കാര്‍ബണ്‍ പുറന്തള്ളല്‍ ഒഴിവാക്കി ലോകത്തിലെ ഏറ്റവും വലിയ ഹരിത റെയില്‍വേ ആയി മാറാനാണ് ലക്ഷ്യം. ഇതിനോടകം 14 സംസ്ഥാനങ്ങളില്‍ 100 ശതമാനം റെയില്‍വേ ട്രാക്കും വൈദ്യുതീകരിക്കപ്പെട്ടു. മഹത്തായ ലക്ഷ്യം കൈവരിക്കുന്നതിന്റെ മുന്നേറ്റത്തിലാണ്’ റെയില്‍വേ വ്യക്തമാക്കി.