ഹൈദരാബാദിനെ അഞ്ചു റണ്‍സിന് തോല്‍പ്പിച്ച് കൊല്‍ക്കത്ത

ഹൈരാബാദ്: ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ അഞ്ചു റണ്‍സിന് തോല്‍പ്പിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സടിച്ചപ്പോള്‍ ഹൈദരാബാദിന് 166/8ലേ എത്താനായുള്ളൂ.

സ്വന്തം തട്ടകത്തില്‍ മികച്ച ബൗളിംഗ് പുറത്തെടുത്ത സണ്‍റൈസേഴ്‌സ് ബൗളര്‍മാര്‍ക്കെതിരെ റിങ്കു സിംഗും (46), നിതീഷ് റാണയും (42) കാട്ടിയ പോരാട്ടവീര്യമാണ് കൊല്‍ക്കത്തയെ 171ലെത്തിച്ചത്. മത്സരത്തിന്റെ രണ്ടാം ഓവറില്‍ റഹ്മാനുള്ള ഗുര്‍ബാസിനെയും (0),വെങ്കിടേഷ് അയ്യരെയും (7) പുറത്താക്കി മാര്‍ക്കോ ജാന്‍സെന്‍ കൊല്‍ക്കത്തയെ വിരട്ടിയിരുന്നു. ഗുര്‍ബാസിനെ ബ്രൂക്ക് ക്യാച്ചെടുത്തപ്പോള്‍ വെങ്കിടേഷിന്റെ ക്യാച്ച് കീപ്പര്‍ ക്‌ളാസനെയായിരുന്നു. അഞ്ചാം ഓവറില്‍ കാര്‍ത്തിക് ത്യാഗി ജാസണ്‍ റോയ്യെക്കൂടി (20) പുറത്താക്കിയപ്പോള്‍ കൊല്‍ക്കത്ത 35/3 എന്ന നിലയിലായി.

തുടര്‍ന്ന് നിതീഷ് റാണയും റിങ്കുവും ചേര്‍ന്ന് കൊല്‍ക്കത്തയെ കളിയിലേക്ക് തിരിച്ചെത്തിച്ചു.ഇരുവരും ചേര്‍ന്ന് 61 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 31 പന്തുകളില്‍ മൂന്ന് വീതം ഫോറും സിക്‌സുമടിച്ച റാണയെ 12-ാം ഓവറില്‍ മാര്‍ക്രം സ്വന്തം ബൗളിംഗില്‍ പിടികൂടുകയായിരുന്നു. തുടര്‍ന്ന് ഒരറ്റത്ത് ആന്ദ്രേ റസല്‍(24),സുനില്‍ നരെയ്ന്‍(1), ശാര്‍ദ്ദൂല്‍ താക്കൂര്‍ (8) എന്നിവരെ പുറത്താക്കാന്‍ സണ്‍റൈസേഴ്‌സ് ബൗളര്‍മാര്‍ക്ക് കഴിഞ്ഞു. അവസാന ഓവറിലാണ് റിങ്കുവും ഹര്‍ഷിതും പുറത്തായത്.

സണ്‍റൈസേഴ്‌സിനായി നടരാജനും ജാന്‍സനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍,കാര്‍ത്തിക് ത്യാഗി,എയ്ഡന്‍ മാര്‍ക്രം, മായാങ്ക് മാര്‍ഖണ്ഡ് എന്നിവര്‍ക്ക് ഓരോ വിക്കറ്റ് ലഭിച്ചു. മറുപടിക്കിറങ്ങിയ ഹൈദരാബാദിന് വേണ്ടി ക്യാപ്ടന്‍ എയ്ഡന്‍ മാര്‍ക്രം(41), ഹെന്റിച്ച് ക്‌ളാസന്‍ (36),അബ്ദുല്‍ സമദ് (21) എന്നിവര്‍ പൊരുതി നോക്കിയെങ്കിലും അവസാന ഓവറുകളില്‍ വിക്കറ്റുകള്‍ പൊഴിഞ്ഞത് കളി കൊല്‍ക്കത്തയുടെ കയ്യിലെത്തിച്ചു.