കാക്കനാട്: കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ അണയ്ക്കാന്‍ ചെലവായത് 1.14 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. ബ്രഹ്മപുരം തീപ്പിടിത്തവുമായി ബന്ധപ്പെട്ട് ചെലവഴിച്ച തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് തീ അണയ്ക്കാന്‍ മേല്‍നോട്ടം വഹിച്ച ജില്ലാ ഭരണകൂടം സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്.
മണ്ണുമാന്തിയന്ത്രങ്ങള്‍, ഫ്‌ളോട്ടിങ് മെഷീനുകള്‍, മോട്ടോര്‍ പമ്പുകള്‍, രാത്രികാലങ്ങളില്‍ ഉപയോഗിക്കുന്നതിനുള്ള ലൈറ്റുകള്‍ എന്നിവയുടെ വാടക, ഇവ സ്ഥലത്ത് എത്തിക്കുന്നതിനും പ്രവര്‍ത്തിക്കുന്നതിനുള്ള ഇന്ധനച്ചെലവുകള്‍, ഓപ്പറേറ്റര്‍മാരുടെ കൂലി, മണ്ണ് പരിശോധന, താത്കാലിക വിശ്രമകേന്ദ്രങ്ങളുടെ നിര്‍മാണം, ബയോ ടോയ്ലറ്റുകള്‍, ഭക്ഷണം എന്നിവയടക്കം 90 ലക്ഷം രൂപ ചെലവഴിച്ചത് കൊച്ചി കോര്‍പ്പറേഷനാണ്.
അതേസമയം, മെഡിക്കല്‍ ക്യാമ്പുകള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് 24 ലക്ഷം രൂപ ചെലവായി. ജില്ലാ ഹെല്‍ത്ത് ആന്‍ഡ് ഫാമിലി വെല്‍ഫെയര്‍ സൊസൈറ്റി പ്രോഗ്രാം മാനേജര്‍ 11 ലക്ഷം രൂപയുടെയും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ 13 ലക്ഷം രൂപയുടെയും ബില്ലുകളാണ് സമര്‍പ്പിച്ചിട്ടുള്ളത്. അഗ്‌നിരക്ഷാ ദൗത്യത്തിലേര്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്കായി കാക്കനാട് തയ്യാറാക്കിയ മെഡിക്കല്‍ ക്യാമ്പിലേക്ക് വേണ്ട ഉപകരണങ്ങള്‍ വാങ്ങുന്നതിനും ഡോക്ടര്‍മാരുടെ താമസസൗകര്യം ഒരുക്കുന്നതിനുമായിരുന്നു 11 ലക്ഷം രൂപ. മറ്റ് മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് 13 ലക്ഷം രൂപ ചെലവഴിച്ചത്.

