‘സര്‍പ്പ’ ആപ്പ് വഴി രണ്ടുവര്‍ഷത്തിനിടെ വനത്തിലെത്തിയത് 18064 പാമ്പുകള്‍

കോഴിക്കോട്: സംസ്ഥാനത്ത് സര്‍പ്പ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി രണ്ടുവര്‍ഷത്തിനിടെ വനത്തിലെത്തിയത് 18064 പാമ്പുകള്‍. ഇതുവരെ 19994 പാമ്പുകളുടെ വിവരമാണ് ആപ്പില്‍ വന്നത്. ഇതില്‍ 1930 പാമ്പുകള്‍ വനംവകുപ്പിന്റെ പാമ്പുപിടിത്തക്കാര്‍ എത്തുമ്പോഴേക്കും രക്ഷപ്പെട്ടു. പാമ്പുകളുടെ സംരക്ഷണത്തിനും ജനങ്ങളുടെ സുരക്ഷയ്ക്കുമായി വനംവകുപ്പ് ആവിഷ്‌കരിച്ച ആപ്പാണിത്.

1600 പേരരെയാണ് പാമ്പുകളെ പിടികൂടുന്നതിനായി വനംവകുപ്പ് പരിശീലിപ്പിച്ചത്. കോഴിക്കോട് ജില്ലയില്‍ ലൈസന്‍സോടെ 23 റെസ്‌ക്യൂവര്‍മാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മലപ്പുറം ജില്ലയില്‍ 132 പേര്‍ പരിശീലനം നേടിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ പാമ്പുകളെ സംരക്ഷിച്ചിട്ടുള്ളത് കണ്ണൂരിലാണ്. 3976 എണ്ണം. കുറവ് ഇടുക്കിയില്‍ 152. മൂര്‍ഖനെയാണ് കൂടുതലും രക്ഷിച്ചത്.

അതേസമയം, അശാസ്ത്രീയമായി പാമ്പിനെ പിടിക്കുന്നതിലൂടെ അപകടങ്ങള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് വനം വകുപ്പിന്റെ നേതൃത്വത്തില്‍ വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഒഫ് ഇന്ത്യയുടെ സഹകരണത്തോടെ 2020 ആഗസ്റ്റില്‍ സര്‍പ്പ ആപ്പ് (സ്‌നേക് അവയര്‍നസ് റെസ്‌ക്യൂ ആന്‍ഡ് പ്രൊട്ടക്ഷന്‍ ആപ്) തുടങ്ങിയത്. പാമ്പിനെ കണ്ടെത്തിയാല്‍ പാമ്പിന്റെ ഫോട്ടോയും ഇരിക്കുന്ന സ്ഥലവും സംബന്ധിച്ച വിവരം ആപ്പിലേക്ക് കൈമാറിയാല്‍ മതി. ഈ സന്ദേശങ്ങള്‍ റസ്‌ക്യൂവര്‍ക്ക് നോട്ടിഫിക്കേഷനായി ലഭിക്കും. സന്ദേശം വന്ന സ്ഥലത്തിന്റെ ലൊക്കേഷന്‍ പരിശോധിച്ച് റെസ്‌ക്യൂവര്‍ സ്ഥലത്തെത്തും. ജി.പി.എസ് മുഖേനയാണ് ആപ്പിന്റെ പ്രവര്‍ത്തനം.