കോഴിക്കോട്: നടന്‍ മാമുക്കോയയുടെ സംസ്‌കാര ചടങ്ങുകളില്‍ മുന്‍നിര ചലച്ചിത്ര താരങ്ങള്‍ പങ്കെടുക്കാത്തതില്‍ പരാതി ഇല്ലെന്നും വിവാദങ്ങളിലേയ്ക്കില്ലെന്നും കുടുംബം അറിയിച്ചു.
‘മോഹന്‍ലാലും മമ്മൂട്ടിയും ദിലീപുമടക്കമുള്ളവര്‍ വിളിച്ച് സാഹചര്യം എന്താണെന്ന് അറിയിച്ചിരുന്നു. എല്ലാവരുടെയും സാഹചര്യം മനസിലാക്കണം. പൊലീസുകാരും മാദ്ധ്യമങ്ങളും വളരെ നന്നായി സഹകരിച്ചിരുന്നു. ഒരുപാട് വലിയ ആളുകള്‍ ബാപ്പയെ കാണാന്‍ വന്നിരുന്നു. ഇത്രയും വലിയ ബാപ്പയുടെ മകന്‍ ആണെന്ന് ഇന്നലെയാണ് അറിയുന്നത്. ആരോടെങ്കിലും മോശമായി പ്രതികരിച്ചിട്ടുണ്ടെങ്കില്‍ മാപ്പു ചോദിക്കുന്നു. സംസ്‌കാര ചടങ്ങിനിടെ ഒരാളുടെ മൊബൈല്‍ പിടിച്ചുവാങ്ങിയിരുന്നു. അത് കണ്ടിട്ട് ചിലര്‍ കമന്റ് പറയുന്നത് കേട്ടു. ഞാന്‍ ഒരു നടനോ രാഷ്ട്രീയക്കാരനോ അല്ല, എനിക്ക് അഭിനയിക്കാന്‍ അറിയില്ല. സിനിമാ സീന്‍ ഒന്നും അല്ലല്ലോ എടുക്കുന്നത്, ജീവിതത്തില്‍ പെട്ടെന്ന് പ്രതീക്ഷിക്കാതെ വരുന്ന സംഭവമാണ് മരണം. ആ സമയത്ത് എങ്ങനെ പ്രതികരിക്കും എന്ന് പറയാന്‍ പറ്റില്ല. ഉപ്പയുടെ അന്ത്യകര്‍മങ്ങള്‍ നടക്കുന്ന സ്ഥലത്ത് ബുദ്ധിമുട്ടുണ്ടാക്കിയപ്പോള്‍ പ്രതികരിക്കുക മാത്രമാണ് ചെയ്തത്. അയാളോട് മാപ്പു പറയുന്നു. ആളുകള്‍ വരാതിരുന്നതില്‍ പരാതിയോ പരിഭവമോ ഇല്ല, ആരെങ്കിലും ഇതൊരു വിഷയമായി പറയുകയാണെങ്കില്‍ അത് ആ പറയുന്നവരുടെ സ്വന്തം അഭിപ്രായം മാത്രമായിരിക്കും’- വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് മാമുക്കോയയുടെ മകന്‍ മുഹമ്മദ് നിസാര്‍ ഈ വിഷയത്തില്‍ പ്രതികരണം അറിയിച്ചത്.
‘ജോജുവും ഇര്‍ഷാദും സാദിഖും ഇടവേള ബാബുവും വീട്ടില്‍ വന്നിരുന്നു. മമ്മൂക്ക വിളിച്ചിരുന്നു, അദ്ദേഹത്തിന്റെ ഉമ്മ കഴിഞ്ഞ ദിവസമാണ് മരിച്ചത്. മോഹന്‍ലാല്‍ ജപ്പാനില്‍ ആണ്. ദിലീപ് വിളിച്ചിരുന്നു, ഇന്ന് രാവിലെ വിനീത് വിളിച്ചിരുന്നു. അദ്ദേഹം മദ്രാസില്‍ ഒരു പ്രോഗ്രാമിനിടയിലായിരുന്നു. മദ്രാസില്‍ നിന്ന് ഇവിടെ വരെ ബുദ്ധിമുട്ടി വരാന്‍ പറ്റുമോ, ഇങ്ങനെയുള്ള വിഷമങ്ങള്‍ എല്ലാര്‍ക്കും ഉണ്ടാകും. പെട്ടന്നായിരുന്നല്ലോ കബറടക്കത്തിന്റെ സമയം പ്രഖ്യാപിച്ചത്. ഇവരൊന്നും വരുന്നതിലല്ലല്ലോ, പ്രാര്‍ത്ഥിക്കുന്നതിലല്ലല്ലോ കാര്യം. ആരും ഒരു പരാതിയും പറയണ്ട, എനിക്കും കുടുംബത്തിനും ഒരു പരാതിയും ഇല്ല’- എന്നും അദ്ദേഹം പറഞ്ഞു.

